കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്, ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നും പ്രധാനമന്ത്രി. കൊച്ചി കപ്പല്‍ശാലയില്‍ 4,000 കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷം മുന്‍പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. എന്നാല്‍, ഇന്ന് ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങള്‍. ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘ഇന്ന് ഇന്ത്യ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി മാറുമ്പോള്‍, നമ്മള്‍ നമ്മുടെ കടല്‍ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് രാജ്യത്തിന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് (എന്‍ഡിഡി) ലഭിച്ചു. ഇതുകൂടാതെ കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു. ഈ പുതിയ ഫീച്ചറുകളോടെ കപ്പല്‍ശാലയുടെ ശേഷി പലമടങ്ങ് വര്‍ദ്ധിച്ചു. ഈ സൗകര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു’, മോദി പറഞ്ഞു.’ആസാദി കാ അമൃത് കാലില്‍’ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിനും അതിന്റേതായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.