ചെന്നൈ: യുവ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ജോഷ്വ സാംരാജിനെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ വനപ്രദേശത്ത് കാർ പാർക്ക് ചെയ്ത നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വാഹനത്തിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തി. അതിൽ ഡോക്ടർ തന്റെ കുടുംബത്തോട് ക്ഷമാപണം നടത്തിയിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തുകയോ കാരണം പറയുകയോ ചെയ്തിട്ടില്ല. റിലേഷൻഷിപ്പിലെ പ്രശ്‌നം കാരണം ഡോക്ടർ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഡോക്ടർ കടക്കെണിയിലായിരുന്നുവെന്ന് സൂചനയുള്ളതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഓൺലൈൻ ഗെയിമിംഗിലൂടെ ഡോക്ടർക്ക് പണം നഷ്ടപ്പെട്ടിരുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഡോക്ടറുടെ കുറിപ്പിൽ അക്കാര്യം പറയുന്നില്ല. ബന്ധുക്കളും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും കടക്കെണിയുടെ കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വാഹനത്തിനുള്ളിൽ വെച്ച് ഡോക്ടർ സ്വയം ഐവി ഫ്ലൂയിഡ് കുത്തിവച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേലത്ത് എംഡിക്ക് പഠിക്കുകയിരുന്ന ഡോക്ടർ ജോഷ്വ സാംരാജ് മധുരയിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നു.