വിദേശകാര്യ റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ കപ്പൽ ജോലിക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിന്റെ തിരോധാനം കോൺസുലേറ്റ് അന്വേഷിക്കുന്നു. ജസ്റ്റിനെ കാണാതായ ദക്ഷിണാഫ്രിക്കൻ കപ്പലായ സ്ട്രീം അറ്റ്‌ലാറ്റിസ് അമേരിക്കൻ തീരത്ത് എത്തുമ്പോൾ കപ്പലിൽ അന്വേഷണം നടത്തുമെന്നാണ് കോൺസുലേറ്റ് ഉറപ്പു നൽകിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പി അയച്ച ഇ -മെയിലിനു മറുപടിയായാണ് അമേരിക്കൻ കോൺസുലേറ്റ് ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. കോട്ടയം കുറിച്ചി വലിയേടത്തറ ജസ്റ്റിൻ കുരുവിളയെ (30) കാണാനില്ലെന്ന പരാതി ഫെബ്രുവരി ഒൻപതിനാണ് വീട്ടിൽ ലഭിച്ചത്. ഇതേ തുടർന്നു ബന്ധുക്കൾ കേന്ദ്ര സർക്കാരിനും, സംസ്ഥാന സർക്കാരിനും, കൊടിക്കുന്നിൽ സുരേഷ് എം.പിയ്ക്കും നിവേദനം നൽകുകയായിരുന്നു.
ഇതേ തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെട്ടത്. തുടർന്നാണ്, വിഷയത്തിൽ അന്വേഷണം നടത്താമെന്ന് ഉറപ്പു നൽകിയത്. ജനുവരി അവസാനമാണ് ദക്ഷിണാഫ്രിക്കൻ തീരത്തു നിന്നും കപ്പൽ അമേരിക്കയിലേയ്ക്കു പുറപ്പെട്ടത്. അമേരിക്കൻ തീരത്ത് എത്തുന്ന കപ്പൽ പ്രദേശത്തെ പ്രാദേശിക സർക്കാരുമായി ചേർന്ന് പരിശോധിക്കുകയും, ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്യുമെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി 26 നാണ് ദക്ഷിണാഫ്രിക്കൻ കപ്പലായ സ്ട്രീം അറ്റലാറ്റിക്‌സ് അമേരിക്കൻ തീരത്ത് എത്തുന്നത്. ഇവിടെ എത്തുന്ന കപ്പലിനെ ന്യൂ ജേഴ്‌സിയിലെ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണ വിധേയമാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ന്യൂ ജേഴ്‌സിയിലെ ബയേണിലാണ് കപ്പൽ 26 ന് എത്തിച്ചേരുന്നത്. ഈ സാഹചര്യത്തിൽ ജസ്റ്റിന്റെ ദുരൂഹതിരോധാനം സംബന്ധിച്ചു ഈ അന്വേഷണത്തോടെ വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ.