ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ അപകടത്തിൽ യഥാർത്ഥ വില്ലൻ റോഡിലെ ഇരുട്ട്. കുട്ടിയുമായി ആശുപത്രിയിലേയ്ക്കു പോയ ചിങ്ങവനം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ, റോഡിന്റെ മധ്യഭാഗത്തെ മീഡിയൻ മുറിച്ച് കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കടുവാക്കുളം ചുളക്കവല തുണ്ടിപ്പറമ്പിൽ മുജീബിനെ (28) ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി പ്രവർത്തിക്കാത്ത എം.സി റോഡിലെ തെരുവുവിളക്കുകളാണ് യഥാർത്ഥത്തിൽ ഇവിടെ വില്ലനായി മാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിമത വിൻസർ കാസിൽ ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ മുജീബ്, റോഡിന്റെ മധ്യത്തിലെ വഴി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ചിങ്ങവനം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിന് ഇടയാക്കിയത്.
കുട്ടിയ്ക്ക് തലകറക്കവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നു കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനു വേണ്ടിയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. ഇവരുടെ വാഹനം നാലു വരിപ്പാതയിൽ കയറിയപ്പോൾ തന്നെയാണ് മുജീബ് വാഹനവുമായി റോഡ് മുറിച്ച് കടക്കാനും എത്തിയത്. റോഡിന്റെ മധ്യഭാഗത്ത് നിന്ന മുജീബിന്റെ ബൈക്ക് കാറിലെത്തിയ ചിങ്ങവനം സ്വദേശികൾക്ക് കാണാനായില്ലെന്നാണ് ലഭിക്കുന്ന സൂചന. ബൈക്കിനെ ഇടിച്ച ശേഷം ഏതാണ്ട് ഇരുപത് മീറ്ററോളം ദൂരം കാർ വലിച്ചു നീക്കി കൊണ്ടു പോയിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ആകാശത്തിലേയ്ക്കു ഉയർന്ന മുജീബിന്റെ ശരീരം വന്നിടിച്ചാണ് കാറിന്റെ മുൻ ചില്ലുകൾ തകർന്നത്. അപകടത്തെ തുടർന്നു കാറിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും, ഡിവൈഡറിലേയ്ക്കു കാർ വെട്ടിച്ചു കയറി, മറിയാതെ കാത്തത് ഡ്രൈവറുടെ മനസാന്നിധ്യം ഒന്നു മാത്രമാണ് ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ യഥാർത്ഥ വില്ലനായത് നാലുവരിപ്പാതയിലെ വെളിച്ചമില്ലാത്ത അവസ്ഥ തന്നെയാണ്. റോഡിൽ മതിയായ വെളിച്ചമുണ്ടായിരുന്നെങ്കിൽ റോഡ് മുറിച്ചു കടന്ന ബൈക്ക് കാണാൻ കാർ യാത്രക്കാരന് സാധിച്ചേനെ. വലിയൊരു അപകടം തന്നെ ഇവിടെ ഒഴിവായേനെ.