ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ ചികിത്സ ഇന്ന് തുടങ്ങും. ഗ്രെയിംസ് റോഡിലെ പ്രധാന ബ്ലോക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ തെയ്‌നാംപേട്ടിലെ അപ്പോളോ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ച് സ്‌കാനിംഗ് അടക്കമുള്ള പരിശോധനകൾ നടത്തി. അമേരിക്കയിൽ കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാരുമായി കൂടിയാലോചിച്ചാണ് കഴിഞ്ഞ രണ്ട് ദിവസം വിവിധ പരിശോധനകൾ പൂർത്തിയാക്കിയത്.
കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ഭേദമാകാനുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകുക. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ളതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രമാണ് അനുവദിക്കുന്നത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും അദ്ദേഹത്തോടൊപ്പമുണ്ട്. സ്പീക്കർ എം.ബി. രാജേഷ് കോടിയേരിയെ കാണാൻ ഇന്ന് ചെന്നൈയിൽ എത്തും. കഴിഞ്ഞ ദിവസം എയർ ആംബുലൻസ് മാർഗമാണ് കോടിയേരിയെ തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞിരുന്നു. എം.വി. ഗോവിന്ദനാണ് പകരം ചുമതല നൽകിയത്. അർബുദത്തെ തുടർന്ന് കോടിയേരി നേരത്തെയും അവധിയെടുത്തിരുന്നു. അമേരിക്കയിൽ ചികിത്സക്ക് ശേഷമാണ് കോടിയേരി വീണ്ടും പദവിയേറ്റെടുത്തത്. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ വേണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ചിലപ്പോൾ സമയം നീണ്ടേക്കും.