തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കൊടിയേരി ബാലകൃഷ്ണൻ ഒഴിയുന്നു. സെക്രട്ടറി സ്ഥാനത്തു നിന്നും കൊടിയേരി പൂർണമായും മാറുകയാണ് എന്ന സൂചന നൽകി, പാർട്ടി നേതാക്കൾ കൊടിയേരി ബാലകൃഷ്ണനെ ഫ്ളാറ്റിൽ എത്തി സന്ദർശിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, സീതാറാം യച്ചൂരി, എം.എ ബേബി എന്നിവർ അടങ്ങുന്ന സംഘമാണ് കൊടിയേരി ബാലകൃഷ്ണനെ എകെജി ഫ്ളാറ്റിലെത്തി സന്ദർശിച്ചത്. പാർട്ടി ചുമതലകളിൽ നിന്നും കൊടിയേരി ഒഴിയുന്നതിന്റെ സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്.
സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് നേതാക്കൾ എ.കെ.ജെ സെന്ററിൽ എത്തിയത്. കൊടിയേരി രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നു പുതിയ സെക്രട്ടറി ആരാകണം എന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായതായാണ് സൂചന. ഇതേ തുടർന്നു യോഗത്തിൽ എത്തിയ അധികൃതർ വിവരങ്ങൾ ചർച്ച ചെയ്തു. തുടർന്നു യോഗത്തിന്റെ നിർണ്ണായക കാര്യങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. എം.എ ബേബിയുടെയും, എ.വിജയരാഘവന്റെയും, എ.കെ ബാലന്റെയും, എം.വി ഗോവിന്ദന്റെയും പേരുകളാണ് ചർച്ചയിൽ ഉയർന്നിരിക്കുന്നത്.