തിരുവനന്തപുരം: ബിജെപിയെയും സംഘപരിവാര ഫാഷിസത്തെക്കുറിച്ചും പ്രതികരിക്കുമ്പോളെല്ലാം അവരുടെ ഇരകളെയും സമീകരിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിപിഎമ്മിന്റെയും കോടിയേരിയുടെയും നിലപാട് അപഹാസ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. തങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധരെന്ന് പ്രസംഗിക്കുകയും അവസരം കിട്ടുമ്പോഴെല്ലാം അവരുമായി സന്ധി ചെയ്യുകയും ചെയ്യുന്ന നിലപാടാണ് സിപിഎം തുടരുന്നത്. സ്വര്‍ണ കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെടലിനെ തടഞ്ഞുനിര്‍ത്തുന്നതും ഇത്തരം ഒത്തുതീര്‍പ്പുകളാണ്. സംഘപരിവാരം ഉയര്‍ത്തുന്നതായ ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദത്തിന്റെ പ്രചാരകരായി അവതരിച്ച് അവരുടെ കൈയടി വാങ്ങുകയാണ് കോടിയേരിയുടെ ലക്ഷ്യം.
സംഘപരിവാര വോട്ടു ബാങ്കിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള മല്‍സരമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. എസ്ഡിപിഐയെ മുന്നില്‍ നിര്‍ത്തി നിഴല്‍യുദ്ധം നടത്തി ഫാഷിസ്റ്റ് അനുകൂല വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന കപടതന്ത്രമാണ് സിപിഎം പയറ്റുന്നത്. എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളെ പ്രതിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ സിപിഎമ്മിനില്ല. അതിനാല്‍ വിലകുറഞ്ഞ ആരോപണങ്ങളിലേക്ക് സിപിഎം തരംതാഴുകയാണ്. എസ്ഡിപിഐക്കെതിരായ സംഘപരിവാര ആരോപണങ്ങള്‍ ഏറ്റുപിടിച്ച് അവരുടെ ജോലി എളുപ്പമാക്കുകയാണ് സിപിഎം ചെയ്യുന്നത്. സാമുദായിക പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യാത്ത സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത് ജാതിമേധാവിത്വ വിഭാഗങ്ങള്‍ക്ക് പോറലേല്‍പ്പിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വര്‍ഗീയ നിലപാടാണ് പരാജയ കാരണമെന്ന് വ്യക്തമായിട്ടും അതില്‍നിന്നു പാഠമുള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായിട്ടില്ല. തങ്ങളെ പിന്തുണയ്ക്കുമ്പോള്‍ തീവ്രവാദ ചാപ്പ ഒഴിവാകുകയും എതിര്പക്ഷത്താവുമ്പോള് വീണ്ടും ചാപ്പ കുത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ സമീപനം പരിഹാസ്യമാണ്. ഇടതുമുന്നണിയുടെ തുടര്‍ഭരണം പരാജയമാണെന്ന് അനുദിനം ജനങ്ങള്‍ തിരിച്ചറിഞ്ഞു വരികയാണ്. ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറിയിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്ത്, സിപിഎം നേതാക്കളുടെ വിവരം കെട്ട പ്രസംഗങ്ങള്‍ തുടങ്ങിയവയെല്ലാം ഭരണവിരുദ്ധ വികാരം ശക്തിപ്പെടാന്‍ ഇടയാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാന്‍ അപര ശത്രുവിനെ നിര്‍മിക്കുന്ന ഹീനമായ തന്ത്രമാണ് സിപിഎം പയറ്റുന്നത്. ആര്‍എസ്എസ്സിനെ പറയുമ്പോഴൊന്നും ഹിന്ദുത്വ തീവ്രവാദമെന്നു പ്രയോഗിക്കാന്‍ തയ്യാറാവാത്ത കോടിയേരി ഇസ്ലാമിനെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് അത്യന്തം അപകടകരമാണ്. സംസ്ഥാനത്തെ 27 ശതമാനത്തിലധികം വരുന്ന ഇസ്ലാമിക സമൂഹത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഈ കപട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.