കൊല്ലം : ചിതറയില്‍ ഭർതൃസഹോദരിയുടെയും സുഹൃത്തുക്കളുടയും വീടുകളില്‍ നിന്നായി 17 പവനോലം സ്വർണം കവർന്ന കേസില്‍ ഇൻസ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശിയായ മുബീനയാണ് പിടിയിലായത്. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ പവൻ വരുന്ന താലിമാലയും ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ,രണ്ട് ഗ്രാം വരുന്ന കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. ഒക്ടോബർ പത്തിനായിരുന്നു സ്വർണം മോഷണം പോയ വിവരം മുനീറ മനസിലാക്കിയത്. തുടർന്ന് വീട്ടിലെ സി.സി ടിവി പരിശോധിച്ചപ്പോള്‍ മുബീന സെപ്തംബർ 30ന് രാവിലെ മുനീറയുടെ വീട്ടിലെത്തി മടങ്ങുന്നത് കണ്ടു. അതിന് ശേഷം ഒക്ടോബർ 10 വരെ മറ്റാരും വീട്ടില്‍ വന്നിട്ടില്ലെന്നും കണ്ടെത്തി. ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം ഒക്ടോബർ 12ന് മുനീറ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ജനുവരിയില്‍ മുബിനയുടെ സുഹൃത്തും സമാനമായ മോഷണ പരാതി മുബീനയ്ക്കെതിരെ നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഭർതൃസഹോദരിയും പുതിയ പരാതി നല്‍കുന്നത്. മുബീനയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്തേക്ക് പോയതെങ്കിലും ആഡംബര ജീവിതമാണ് ഇവർ നയിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ഒന്നരലക്ഷം രൂപയുടെ ഫോണാണ് മുബീനയുടെ കൈയിലുണ്ടായിരുന്നത്. മുബീനയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തെങ്കിലും ആദ്യം മോഷണം നടത്തിയത് സമ്മതിച്ചില്ല. തുടർന്ന് ദൃശ്യങ്ങള്‍ സഹിതം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചത്.ആഡംബര ജീവിതത്തിനായാണ് സ്വർണം മോഷ്ടിച്ചതെന്ന് മുബീന മൊഴി നല്‍കിയിട്ടുണ്ട്. മോഷണം പോയവയില്‍ കുറച്ചു സ്വർണവും പണവും പൊലീസ് മുബീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മുബീനയെ കോടതിയില്‍ ഹാജരാക്കും.