പൊങ്ങനാംതോട് കൈയേറ്റം; സര്‍വേനടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊങ്ങനാംതോട് കൈയേറ്റം ഒഴിപ്പിച്ച് മാലിന്യമുക്തമാക്കി മാറ്റുന്നതിന്റെ സര്‍വേനടപടികള്‍ അടിയന്തരമായി ഈ മാസംതന്നെ പൂര്‍ത്തിയാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. പൊങ്ങനാംതോട് കൈയേറ്റം, വെണ്ണപ്രപ്പാറ കോളനി പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനം എന്നിവയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമയബന്ധിതമായി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഫണ്ട് ലഭ്യത ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. കോഴഞ്ചേരി താലൂക്കിലെ വെണ്ണപ്രപ്പാറ കോളനി പ്രദേശത്തെ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി പ്രദേശത്തിന്റെ സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

Advertisements

11 കുടുംബങ്ങളിലായി 12 കുട്ടികള്‍ ഉള്‍പ്പെടെ 54പേര്‍ വസിക്കുന്ന കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പാറക്കെട്ടായ സ്ഥലവും അവിടുത്തെ ഭൂപ്രകൃതിയുമാണ് തടസം സൃഷ്ടിക്കുന്നത്. ഇതിന് ശാശ്വത പരിഹാരമൊരുക്കാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍വേ നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, കോഴഞ്ചേരി തഹസില്‍ദാര്‍ വി.എസ് വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles