ദില്ലി: കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രിയിലെ മുൻ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റിൽ. സന്ദീപ് ഘോഷിനെ കൊല്‍ക്കത്ത സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് സിബിഐ കൊണ്ടുപോയി. ആര്‍ജി കര്‍ ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്.
വനിത ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍ജി കര്‍ ആശുപത്രിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിയിലേക്ക് രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ. സന്ദീപ് ഘോഷിനെതിരായ അഴിമതിയാരോപണം അന്വേഷിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്ത് സന്ദീപ് ഘോഷിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഡോക്ടറുടെ കൊലപാതക കേസിന് പിന്നാലെയാണ് ഡോ. സന്ദീപ് ഘോഷിനെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണവും ശക്തമായത്.
ഡോക്ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആഗസ്റ്റ് 12നാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷ് രാജിവെക്കുന്നത്. കഴിഞ്ഞയാഴ്ച ഐഎംഎ സന്ദീപ് ഘോഷിന്‍റെ അംഗത്വവും റദ്ദാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സന്ദീപ് ഘോഷിനെ നുണ പരിശോധനയ്ക്ക വിധേയനാക്കിയിരുന്നു. പതിനാറ് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സിബിഐയുടെ നടപടി. രാത്രിയോടെ സന്ദീപ് ഘോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സന്ദീപ് ഘോഷിന്‍റെ അറസ്റ്റിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സജ്ഞയ് റോയി എന്നയാളെ നേരത്തെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് നുണ പരിശോധന നടന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന നടത്തിയിരുന്നു.
ആർ ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, കുറ്റകൃത്യം നടന്ന ദിവസം വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവിൽ വളണ്ടിയർ എന്നിവരുടെ നുണപരിശോധനയാണ് കഴിഞ്ഞ ദിവസം സിബിഐ നടത്തിയത്. സാൾട് ലേക്കിലെ സിബിഐ ഓഫീസിലായിരുന്നു പരിശോധന.
നിലവിൽ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐയുടെയും വിലയിരുത്തല്‍. ഇതിനിടെയാണിപ്പോള്‍ സന്ദീപ് ഘോഷിനെ അറസ്റ്റ് ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കേസ് അട്ടിമറിക്കാൻ ലോക്കൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും ശ്രമം നടന്നു എന്നും നേരത്തെ സിബിഐ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊലപാതകത്തെ തുടർന്ന് തുടങ്ങിയ പ്രതിഷേധം കൊൽക്കത്തയിലിപ്പോഴും തുടരുകയാണ്.