കൊൽക്കത്ത : ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൊല്‍ക്കത്തയിലെ വാട്ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സിഐഎസ്എഫ് ക്വാർട്ടേഴ്സില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു ബാഗുകളിലായാണ് ശരീരാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. ആള്‍ത്താമസമില്ലാത്ത ക്വാട്ടേഴ്സില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ യുവാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നത്. എന്നാല്‍ ശരീരത്തിൻ്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് 30നും 35 വയസിനും ഇടയില്‍ പ്രായമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
മൂന്ന് ബാഗുകളിലായുള്ള മൃതദേഹത്തില്‍ കൈകളും കാലുകളും വയറിൻ്റെ ഭാഗവും കാണുന്നില്ല. ബാഗില്‍ നിന്ന് ഒരു ഇഷ്ടിക കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി പുഴയിലോ കനാലിലോ എറിയാനുള്ള ശ്രമമായിരിക്കാമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വാർട്ടേഴ്സിന്റെ പരിസരത്തെത്തിയ യുവാക്കളാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശം പരിശോധിച്ചു നോക്കിയത്. മൂന്ന് പോളിത്തീൻ ബാഗ് കണ്ടെങ്കിലും തുറന്നു നോക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധിക്കുകയാണ്. ഈ പ്രദേശം അധികം ആള്സഞ്ചാരമില്ലാത്തതാണെന്നും അതിനാലാവാം പ്രതികള്‍ ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.