കൊല്ലം: കൊല്ലം ഉളിയക്കോവിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പർദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്സി. കോളിംഗ് ബെൽ അടിച്ച് വാതിൽ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോൾ തേജസ് വീടിനുള്ളിൽ ഒഴിച്ചു. തുടർന്നായിരുന്നു ആക്രമണമെന്നും അമ്മ ഡെയ്സി പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ ഡെയ്സി കൂട്ടിച്ചേർത്തു.
അതേ സമയം തേജസിനെക്കുറിച്ച് മോശം അഭിപ്രായം നാട്ടുകാരോ ബന്ധുക്കളോ പറയുന്നില്ല, ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അയൽവാസികളുമായും നല്ല ബന്ധത്തിലായിരുന്നു. തേജസും ഫെബിന്റെ സഹോദരിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് പിൻമാറിയതാണ് തേജസിന് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിന് ശേഷം യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു. ഫെബിനെയും അച്ഛനെയും ആക്രമിച്ചതിന് ശേഷം തേജസ് ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.