കൊല്ലം : പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായിട്ടും എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള നടപടികൾ വൈകുകയാണെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. എത്രയും വേഗം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
ജൂണിൽ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ കത്തിൽ എമിഗ്രേഷൻ പോയിന്റിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതായി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറിൻ രജിസ്ട്രേഷൻ ഓഫീസർ കൊല്ലം പോർട്ട് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എന്നാൽ തുടർന്ന് ഉണ്ടാകേണ്ട കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെയും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെയും പരിശോധനകൾ വൈകുന്ന
സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അടിയന്തര ഇടപെടൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലത്തേക്ക് ആഭ്യന്തര കപ്പലുകൾ എത്താത്തത് എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിന്റെ പേരിലാണ്. കൊല്ലം പോർട്ട് അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിദേശ കപ്പലുകൾക്ക് ക്രൂ ചെയ്ഞ്ചിന് കൊല്ലം പോർട്ട് ഏറെ സൗകര്യപ്രദമാണ്. കൊല്ലത്ത് എമിഗ്രേഷൻ പോയിന്റില്ലാത്തതിനാൽ വിഴിഞ്ഞം പോർട്ട് കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്രൂ ചെയ്ഞ്ചിംഗ് നടക്കുന്നത്. നിലവിൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് എമിഗ്രേഷന്റെ താത്കാലിക ചുമതല.
കൊല്ലം പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് പല തവണ കത്തയച്ചിട്ടും കേരളത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നേരത്തെയുള്ള വാദം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചതനുസരിച്ചുള്ള സൗകര്യങ്ങളാണ് ഇപ്പോൾ കൊല്ലത്ത് സജ്ജമാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടത്താനൊരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് കൊല്ലത്തിന്റെ ആഴക്കടലിൽ നടത്തിയ പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് പര്യവേഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.