പാലക്കാട്: കോങ്ങാട് എം.എല്‍.എ
കെ. ശാന്തകുമാരിക്കെതിരെ പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രംഗത്ത്.
ഭര്‍ത്താവിന് ചികിത്സ തേടി എത്തിയപ്പോൾ ആശുപത്രിയിലെത്തിയ എം.എല്‍.എ ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
ഇന്നലെ അത്യാഹിതവിഭാഗത്തില്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടിയെത്തിയ സമയത്തായിരുന്നു സംഭവം. പനിക്ക് ചികിത്സ തേടിയെത്തിയ ഭര്‍ത്താവിനെ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നീട് എന്തുകൊണ്ടാണ് തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതെന്ന് ചോദിച്ച് എംഎല്‍എ ക്ഷുഭിതയായെന്നും നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാരുടെ ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, രോഗിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. എന്നാല്‍ ഗുരുതര രോഗമുള്ളവര്‍ക്കാണ് ആദ്യ പരിഗണന നല്‍കിയതെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി കെ ശാന്തകുമാരി എംഎല്‍എ രംഗത്തെത്തി. ഡോക്ടര്‍മാരെ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. പ്രത്യേക പരിഗണന ആവശ്യപ്പെട്ടിട്ടില്ല. അത്യാഹിത വിഭാഗത്തില്‍ ആയാലും എല്ലാവരോടും ഒരുപോലെ പെരുമാറണം എന്നാണ് പറഞ്ഞത്.
മര്യാദയ്ക്ക് പെരുമാറണമെന്ന് പറഞ്ഞു. സംഭവത്തില്‍ ഇന്നലെ തന്നെ ഡിഎംഒയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആവശ്യമെങ്കില്‍ ഖേദം പ്രകടിപ്പിക്കാമെന്നും എംഎല്‍എ പ്രതികരിച്ചു.