കോംഗോയിൽ അജ്ഞാത രോഗബാധ; ആഴ്ചകൾക്കുള്ളിൽ രോഗം ബാധിച്ചത് 431 പേർക്ക്; 53 പേർ മരിച്ചത് 2 ദിവസത്തിനകം; ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

കോംഗോ: കോംഗോയിൽ അജ്ഞാത രോഗം ബാധിച്ച് അൻപതിലധികം പേ‍ർ ആഴ്ചകൾക്കകം മരിച്ചതോടെ ആശങ്ക രേഖപ്പെടുത്തി ആരോഗ്യ വിദഗ്ദർ. ഫെബ്രുവരി 16 വരെയുള്ള കണക്കുകൾ പ്രകാരം വെറും അഞ്ച് ആഴ്ചകൾ കൊണ്ട് 431 പേർക്ക് ഈ രോഗം ബാധിച്ചതായും അതിൽ 53 പേർ മരിച്ചതായുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. കോംഗോയിൽ ഒരു പ്രവിശ്യയിലുള്ള വിദൂര ഗ്രാമങ്ങളിലാണ് രോഗബാധയും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Advertisements

വവ്വാലിനെ ഭക്ഷിച്ച മൂന്ന് കുട്ടികളിൽ ആദ്യമായി കണ്ടെത്തിയെന്ന് പറയപ്പെടുന്ന ഈ രോഗം പിന്നീട് വളരെ വേഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയായിരുന്നു. പനിയും ഛർദിയും വന്ന് തുടങ്ങുന്ന രോഗലക്ഷണങ്ങൾ പിന്നീട് ആന്തരിക രക്തസ്രാവത്തിലേക്ക് എത്തുന്നതോടെ ഗുരുതരമാവുന്നു. രോഗലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾ മരിക്കുന്നുവെന്നാണ് ബികോറോ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ അറിയിച്ചത്. രോഗം വളരെ വേഗം വ്യാപിക്കുന്നതും ലക്ഷണങ്ങൾ പ്രകടമായ ശേഷം വളരെ വേഗത്തിൽ രോഗിയുടെ മരണം സംഭവിക്കുന്നതും ആശങ്കയിലാഴ്ത്തുന്നുവെന്ന് പ്രദേശത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസങ്ങൾക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വ‍ർദ്ധിക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. യഥാർത്ഥ രോഗകാരണം ഇപ്പോഴും അജ്ഞാതവുമാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ദുർഘടമായ ഭൂമിശാസ്ത്രവും പരിമിതമായ ചികിത്സാ സാഹചര്യങ്ങളും കാരണം കടുത്തവെല്ലുവിളി നേരിടുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്ഥർ തന്നെ പറയുന്നുമുണ്ട്.

ആന്തരിക രക്തസ്രാവമുണ്ടാകുന്ന ‘ഹെമിറേജിക് ഫീവറിന്റെ’ ലക്ഷണങ്ങൾ ഇപ്പോഴത്തെ അജ്ഞാത രോഗത്തിനും കണ്ടെത്തിയിട്ടുണ്ട്. എബോള, ഡെങ്കി, മാർബർഗ്, യെല്ലോ ഫീവർ തുടങ്ങിയ അസുഖങ്ങൾക്കും സമാനമായ ലക്ഷണങ്ങളുണ്ടാവാറുണ്ട്. എന്നാൽ രോഗബാധിതരായ ഒരു ഡസനിലധികം പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച ശേഷം ഈ രോഗങ്ങളൊന്നുമല്ല ഇപ്പോഴത്തേതെന്ന് കണ്ടെത്തിയിട്ടുണ്ട്. അറിയപ്പെടുന്ന വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ലെന്നും യഥാർത്ഥ രോഗകാരണം എന്താണെന്നും എവിടെ നിന്നാണ് രോഗബാധയുടെ തുടക്കമെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ഡോക്ടമാർ പറയുന്നത്.

എന്തെങ്കിലും അണുബാധയാണോ അതോ ഏതെങ്കിലും വിഷപദാർത്ഥത്തിന്റെ സാന്നിദ്ധ്യമാണോ ഈ അവസ്ഥയ്ക്ക് കാരണമായതെന്നും കണ്ടെത്താനായിട്ടില്ല. എന്താണ് ചെയ്യാനാവുകയെന്നും എപ്പോഴാണ് ഇടപാടാനാവുകയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറ‌ഞ്ഞു. കഴിഞ്ഞ വർഷം ഡിസീസ് എക്സ് എന്ന രോഗം കോംഗോയിൽ പടർന്നുപിടിച്ചിരുന്നു. 143 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 

Hot Topics

Related Articles