കോന്നി: കുട്ടിക്കൊമ്പന്റെ തൊണ്ടയില്‍ ശംഖ് കുടുങ്ങുകയും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് പുനലൂര്‍ ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പ്രാഥമിക അന്വേഷണം നടത്തി. ഒരുമാസം മുന്‍പായിരുന്നു സംഭവം. സീതത്തോട് വേലുത്തോട് വനത്തില്‍ നിന്നു കൂട്ടംതെറ്റിയ നിലയില്‍ വനം വകുപ്പിനു ലഭിച്ച രണ്ടു വയസ്സുള്ള കുട്ടിയാനയെ സെപ്റ്റംബര്‍ 9നാണ് കോന്നി ആനത്താവളത്തിലേക്കു കൊണ്ടുവന്നത്. കഴുത്തില്‍ കിടന്ന ശംഖ് കാണാതാകുകയും ആന അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ശ്യാം ചന്ദ്രന്‍ എത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് ശംഖ് വിഴുങ്ങിയതായി ബോധ്യപ്പെട്ടത്. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഭക്ഷണത്തിന്റെയും ചികിത്സയുടെയും കാര്യത്തിലും വേണ്ട മുന്നറിയിപ്പുകളും നല്‍കിയ ശേഷം ദിവസം രണ്ടു തവണയെങ്കിലും ആനയെ നിരീക്ഷിക്കാനും റേഞ്ച് ഓഫിസറെ ചുമതലപ്പെടുത്തി. ഈ സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് അലംഭാവമോ വീഴ്ചയോ സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പറഞ്ഞു.