കോന്നി : താലൂക്ക് തല അദാലത്തില്‍ പരിഗണിച്ച 136 പരാതികളില്‍ 108 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 28 പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് കൈമാറി.
പുതിയതായി 121 പരാതികള്‍ ലഭിച്ചു. പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. 10 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതുവരെ 827 പരാതികള്‍ പരിഗണിച്ചു. 699 പരാതികള്‍ പൂര്‍ണമായി പരിഹരിച്ചു. 448 പരാതികള്‍ പുതിയതായി ലഭിച്ചു. മാറ്റിവച്ച റാന്നി താലൂക്ക് അദാലത്ത് ഇരുപത്തിമൂന്നിന് നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.