പത്തനംതിട്ട: കോന്നി പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറക്കല്ല് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികൾക്ക് വേണ്ടത്ര സുരക്ഷ ഉണ്ടായിരുന്നില്ലെന്ന തൊഴിൽ വകുപ്പ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ ഭൂമി കയ്യേറി പാറ പൊട്ടിച്ചു എന്ന പരാതിയും പരിശോധിക്കും. പാറമടയിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. കോന്നിയിൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. ഇതരസംസ്ഥാനക്കാരായ രണ്ടുപേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങി മരിച്ചത്. ഒഡീഷാ സ്വദേശി മഹാദേവ്, ഡ്രൈവർ അജയ് റായ് എന്നിവരാണ് മരിച്ചത്. ഹിറ്റാച്ചിയുടെ അടിയിൽപെട്ടുപോയ അജയ് റായെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നീട് അപകടം നടന്ന് രണ്ടാം ദിവസം രാത്രിയാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ലോങ് ബൂം ഹിറ്റാച്ചി എത്തിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്.