കോട്ടയം : കൂരോപ്പട ളാക്കാട്ടൂർ സ്വദേശി കെ.ബി ബൈജുവിനെ എ.ഐ.സി.സി അംഗമായി തിരഞ്ഞെടുത്തു. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിൻ്റെയും രാഹുൽ ഗാന്ധിയുടെയും വിശ്വസ്തനായ സഹപ്രവർത്തകനായ കെ ബി ബൈജുവിനെ ഡൽഹിയിൽ നിന്നുള്ള എ.ഐ.സി.സി അംഗമായാണ് തിരഞ്ഞെടുത്തത്. കൂരോപ്പട പഞ്ചായത്തിൽ ളാക്കാട്ടൂരിലെ ആനിക്കാട്ടുപറമ്പിൽ (ബൈജു നിവാസ്) ബാലകൃഷ്ണൻ നായരുടെയും സാവിത്രിയമ്മയുടെയും മകനായ ബൈജു എൻ.എസ്.ജി അംഗമായിരിക്കെയാണ് രാജീവ് ഗാന്ധിയുടെ അംഗരക്ഷാ ചുമതലയിൽ എത്തുന്നത്. വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത ബൈജുവിനെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന പരിഗണനയിലാണ് എ.ഐ.സി.സി അംഗത്വവും ലഭിച്ചത് . വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ബൈജുവിന് ലഭിച്ചിട്ടുണ്ട്. എൻ.എസ്.ജി ഡി.വൈ.എസ്.പിയായി വിരമിച്ചു. തുടർന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് കാര്യങ്ങളുടെ ചുമതല ഉൾപ്പെടെ നിർവ്വഹിക്കുകയായിരുന്നു. ജോഡോ യാത്രയുടെ കോ ഓർഡിനേറ്ററായിരുന്നു ബൈജു . നിലവിൽ കൂടുംബത്തോടൊപ്പം ഡൽഹിയിലാണ് താമസം. ഭാര്യ : ബീനാ ബൈജു. മക്കൾ: ശ്രുതി നായർ, ശ്രേയാ നായർ.