കോട്ടയം; മീനച്ചിലാറിൻ്റെ സ്വാഭാവിക വഴി വീണ്ടെടുകാനായി പേരൂർ ഭാഗത്തു നടക്കുന്ന ശാസ്ത്രീയ പ്രവർത്തനം കേരളത്തിലാകെ സ്വീകരിക്കേണ്ടതാണെന്ന് പുഴ സംരക്ഷണ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് മഹാത്മ ഗാന്ധി സർവകലാശാല പരിസ്ഥിതി വിഭാഗം മേധാവി ഡോ.കെ.ആർ ബൈജു അഭിപ്രായപ്പെട്ടു. ഡോ. ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നദീ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ വിഷയം അവതരിപ്പിച്ചു. പ്രവചനങ്ങൾക്കപ്പുറത്ത് കാലാവസ്ഥയ്ക്ക് വ്യതിയാനം സംഭവിക്കുന്ന കാലമാണിത്, പുഴകളെ വീണ്ടെടുക്കണം. പുഴകളെ തിരിച്ചു പിടിക്കണം. പുഴകളെ സൂക്ഷിച്ചു വെക്കണം. പുഴകളെ നാം കൊണ്ടു നടക്കണം അത് നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കലാണ്. ഡോ.കെ.ആർ.ബൈജു കുട്ടിച്ചേർത്തു.
മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പേരൂർ ഭാഗത്ത് ഇപ്പോൾ നടക്കുന്ന പുഴയെ തിരിച്ചുപിടിക്കുന്ന പ്രവർത്തനത്തെ അത്ഭുതത്തോടെയാണ് വീക്ഷിക്കാൻ കഴിയുക. വർഷങ്ങളായി പുഴയിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും ചേർന്ന് പുഴയെ തന്നെ ഇല്ലാതാക്കി കൊണ്ടിരുന്ന തുരുത്തുകൾ മാറുമ്പോൾ പുഴയുടെ വീതി ഇരട്ടിയിലേറെ വർദ്ധിക്കുന്നത് കോട്ടയത്തെ പ്രളയഭീഷണിയെ തടയാൻ കൂടി കഴിയും. ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകീകരണത്തോടെ നടന്നു വരുന്ന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ നടപ്പിലാക്കണമെന്നും. മഹാത്മ ഗാന്ധി സർവകലാശാലയിലെ പരിസ്ഥിതി വിഭാഗം പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഡ്രോൺ ഉപയോഗിച്ചുള്ള ഗവേഷണ പഠനം നിർവഹിക്കുന്നതാണെന്ന് ഡോ. ബൈജു സൂചിപ്പിച്ചു. മീനച്ചിലാർ നദീ ഗവേഷക ഡോ. ലതാ പി ചെറിയാൻ, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, ഇറിഗേഷൻ വകുപ്പ് മുൻ ചീഫ് എഞ്ചിനിയർ ഡി. ബിജു എന്നിവർ പ്രസംഗിച്ചു. പുഴയോര സംഗീത പരിപാടിക്ക് പ്രശസ്ത ഗായിക സൗപർണ്ണിക ടാൻസൻ നേതൃത്വം കൊടുത്തു.