കാഞ്ഞിരപ്പള്ളി: അനധികൃത മദ്യ വില്പന നടത്തുന്നതിനായി മദ്യം കൈവശം സുക്ഷിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി മണ്ണാറക്കയം ഗാന്ധിനഗർ കോളനി ഭാഗത്ത് വാസന വീട്ടിൽ സക്കീർ ഹുസൈൻ (59) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി മണിമല റോഡിലെ മണ്ണാറക്കയം പാലത്തിന് സമീപം അനധികൃതമായി വിദേശ മദ്യ വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ വിദേശമദ്യവുമായി പിടികൂടുന്നത്. ഇയാളുടെ കയ്യിൽ നിന്നും ബിഗ് ഷോപ്പറില്‍ സുക്ഷിച്ച നിലയില്‍ 500 ml വീതമുള്ള 9 കുപ്പികളിലായി നാലര ലിറ്റർ വിദേശമദ്യം പിടികൂടുകയും ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ രാജേഷ്, സി.പി.ഓ മാരായ ബിനോ, പീറ്റർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.