കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ സതീഷ് കുമാർ (40) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി വീട്ടമ്മയുടെ കയ്യിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ മൊബൈൽ ഫോണിലൂടെ നിർമ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നൽകുകയുമായിരുന്നു. പിന്നീട് ജോലി ലഭിക്കാതെയും, പണം തിരികെ നൽകാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീകുമാർ എം, എസ്.ഐ മാരായ റിൻസ്. എം. തോമസ്, ഇബ്രാഹിംകുട്ടി, സജികുമാർ സി.പി.ഓ മാരായ സന്തോഷ് പി.കെ, രാജേഷ് കെ.എം, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾ ഹരിപ്പാട്, കീഴുവായ്പൂർ എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.