ഇത്രയുമേ ഉള്ളു ഈ നാട്ടിലെ സ്ത്രീ സുരക്ഷ..! കോട്ടയത്ത് സ്ത്രീ സുരക്ഷയ്ക്കായി തിരഞ്ഞെടുത്ത ഓട്ടോ ഡ്രൈവർമാരുടെ നമ്പർ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ച് ദിവസങ്ങൾക്കകം തന്നെ വലിച്ചെറിഞ്ഞു; ബോർഡ് ഇളക്കിമാറ്റി മാസങ്ങൾ കഴിഞ്ഞും നടപടിയെടുക്കാതെ പൊലീസും ജില്ലാ പഞ്ചായത്തും

കോട്ടയം: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്തും പൊലീസും ആഘോഷപൂർവം സ്ഥാപിച്ച തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ ഡ്രൈവർമാരുടെ പേര് എഴുതിയ ബോർഡ് ദിവസങ്ങൾക്കകം തന്നെ പിഴുത് മാറ്റിയ നിലയിൽ. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം സ്ഥാപിച്ചിരുന്ന ബോർഡാണ് വലിച്ചെറിഞ്ഞത്. തിരഞ്ഞെടുപ്പിനു മുൻപാണ് കോട്ടയം നഗരത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സഹയാത്രിക എന്ന പേരിൽ ജില്ലാ പൊലീസും ജില്ലാ പഞ്ചായത്തും ചേർന്ന് പദ്ധതി ആരംഭിച്ചത്. കോട്ടയം നഗരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ ഡ്രൈവർമാർക്ക് പരിശീലനം നൽകി, ഇവരുടെ നമ്പരുകൾ രേഖപ്പെടുത്തിയാണ് ബോർഡ് സ്ഥാപിച്ചത്. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനോടു ചേർന്ന് സ്‌ക്രൂ ഇട്ട് മുറുക്കിയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്. എന്നാൽ, ഈ ബോർഡ് ഇളക്കി താഴെയിട്ട നിലയിലാണ് കാണാൻ സാധിച്ചിരിക്കുന്നത്. നാഗമ്പടത്തെ ചില സാമൂഹിക വിരുദ്ധരായ ഓട്ടോ ഡ്രൈവർമാർ തന്നെയാണ് ഇത്തരത്തിൽ ബോർഡ് ഇളക്കി മാറ്റിയതിനു പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ബോർഡ് അടിയന്തരമായി പുനസ്ഥാപിക്കുന്നതിനു പൊലീസും ജില്ലാ പഞ്ചായത്തും നടപടിയെടുക്കണമെന്നാണ് ആവശ്യം.

Advertisements

Hot Topics

Related Articles