കോട്ടയം : കോട്ടയം മണിപ്പുഴയിൽ റിയ ഏജൻസീസിൻ്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ റോഡ് പുറമ്പോക്കിൽ നിന്ന മരം വെട്ടിമാറ്റി. മരം വെട്ടി തോട്ടിൽ തള്ളി തോടിൻ്റെ ഒഴുക്കു തടയുകയും ചെയ്തു. മണിപ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന റിയ ഏജൻസീസിൻ്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ ഏൽപിച്ചിരുന്ന ഏജൻസിയാണ് മരം വെട്ടി തോട്ടിൽ തള്ളിയത്. മരം വെട്ടുന്നത് ചോദ്യം ചെയ്തവരെ മരം വെട്ടാൻ എത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. മണിപ്പുഴ സിഗ്നൽ ലൈറ്റിന് സമീപത്തായി പ്രവർത്തിക്കുന്ന റിയ ഏജൻസീസിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന് കരാർ നൽകിയിരുന്നു. 30000 രൂപയാണ് ഒരു മാസം റിയ ഏജൻസീസ് ബോർഡിൻ്റെ പരസ്യത്തിനായി കൈപ്പറ്റിയിരുന്നത്. ഈ പടുകൂറ്റൻ ബോർഡിൻ്റെ മുൻ ഭാഗം മറയുന്നതിനെ തുടർന്നാണ് റോഡ് പുറമ്പോക്കിൽ നിന്ന മരം അനധികൃതമായി വെട്ടി മാറ്റിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ മരം വെട്ടിമാറ്റിയത് കണ്ട് ചോദ്യം ചെയ്യാൻ എത്തിയ പ്രദേശവാസിയെ മരം വെട്ടാൻ എത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. മരം വെട്ടാൻ ഉപയോഗിക്കുന്ന വാൾ ഇയാൾക്ക് നേരെ വീശിയാണ് സംഘം ഭീഷണിപ്പെടുത്തിയത്. നാട്ടുകാർ ചോദ്യം ചെയ്തതോടെ റിയ ഏജൻസീസിൻ്റെ ബോർഡ് സ്ഥാപിക്കുന്നതിനായാണ് മരം വെട്ടിയതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. റോഡ് പുറമ്പോക്കിൽ നിന്ന മരം വെട്ടി തോട്ടിൽ തള്ളുകയാണ് ഇവർ ചെയ്തത്. ഇതോടെ തോടിന്റെ ഒഴുക്കും നിലച്ചിട്ടുണ്ട്. റിയ ഏജൻസിസിന് സമീപം തോടിൻ്റെ ബണ്ടിനു പുറത്ത് പുറമ്പോക്കിൽ പരസ്യ ബോർഡ് നിർമ്മിക്കുന്നതിനായി ഇരുമ്പ് കമ്പികളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പടുകൂറ്റൻ ബോർഡ് സ്ഥാപിക്കുന്നത് റോഡിൻറെ കൈവരികൾ ഇടിയാൻ ഇടയാക്കുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പുറമ്പോക്കിൽ നിന്ന് മരം വെട്ടി മാറ്റിയ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം ഉയരുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.