അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകരഭാഗത്ത് മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ ഷിബു (24), മണർകാട് സ്വദേശി മെൽജോ (18) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഒന്നാം തീയതി വൈകിട്ട് 6:30 മണിയോടുകൂടി വിജയപുരം സ്വദേശിയായ യുവാവിന്റെ ബന്ധുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇവിടെ ഉണ്ടായിരുന്ന യുവാവിനെ മർദ്ദിക്കുകയും ഹെൽമെറ്റും, കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മെൽജോയ്ക്ക് യുവാവിന്റെ സഹോദരനുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ സന്തോഷ് കെ.എം, എസ്.ഐ മാരായ സാജു ടി.ലൂക്കോസ്, സുരേഷ് എ.കെ, എ.എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ സെബാസ്റ്റ്യൻ, ശ്രീനിഷ്, ബിജോയ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ജയ്സനേയും, ഷിബിനെയും കോടതി റിമാൻഡ് ചെയ്യുകയും, മെൽജോയെ ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി.