ചിങ്ങവനം : ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവില്‍ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ആനക്കയം വാളപ്പറമ്പ് ഭാഗത്ത് വലിയപറമ്പ് വീട്ടിൽ മുഹമ്മദ് റാഷിദ് (24), ഇയാളുടെ സഹോദരൻ മുഹമ്മദ് ഹർഷദ് (29) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് പാത്താമുട്ടം സ്വദേശിയായ യുവാവിന്റെ മൊബൈൽ ഫോണിലേക്ക് 50,000 (അൻപതിനായിരം) രൂപ ലോൺ നൽകാമെന്ന് പറഞ്ഞ് വാട്സാപ്പിലേക്ക് വോയിസ് കോൾ വരികയും, തുടർന്ന് യുവാവ് ഇതിന് അപേക്ഷിക്കുകയുമായിരുന്നു.
പിന്നീട് ലോണ്‍ ലഭിക്കുന്നതിനുവേണ്ടി യുവാവില്‍ നിന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് പലതവണകളിലായി ഇവരുടെ അക്കൗണ്ടിലേക്ക് 31,500 (മുപ്പത്തി ഒന്നായിരത്തി അഞ്ഞൂറ്) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ലോൺ ലഭിക്കാതെയും, പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ യുവാവിന്റെ പണം ഇവരുടെ അക്കൗണ്ടിൽ ചെന്നതായും, ഇവർ പണം പിൻവലിച്ചെടുത്തതായും കണ്ടെത്തുകയും, തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എസ്.ഐ മാരായ സജീർ,പ്രകാശൻ ചെട്ടിയാർ, സി.പി.ഓ പ്രിൻസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.