കടുത്തുരുത്തി : പെയിന്റിംഗ് തൊഴിലാളിയായ മധ്യവയസ്കൻ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മഠത്തിൽ (സാഗരിക) വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിഖിൽ.എസ് (34), മുട്ടുചിറ കണിവേലിൽ വീട്ടിൽ സ്റ്റാനി ജോൺ (47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം തീയതി രാവിലെ 11.00 മണിയോടുകൂടി പാലകര ഭാഗത്തുള്ള മധ്യവയസ്കനായ ചിത്താന്തിയേൽ വീട്ടിൽ രാജേഷ് (53) എന്നയാളെ വീട്ടിനുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന്കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയും, വിശദമായ അന്വേഷണത്തിൽ രണ്ടാം തീയതി രാത്രി 9.00 മണിയോടുകൂടി കടുത്തുരുത്തിയിൽ പ്രവർത്തിക്കുന്ന സോഡിയാക് ബാറിന് സമീപം വച്ച് കണ്ട ഇവർ മൂവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, നിഖിലും സ്റ്റാനിയും ചേർന്ന് രാജേഷിനെ മർദ്ദിക്കുകയുമായിരുന്നു.
ഇതിൽ ഗുരുതരമായി പരിക്കുപറ്റിയ രാജേഷിനെ ഇവർ ഇയാളുടെ വീട്ടിലെത്തിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് അടുത്ത ദിവസം രക്തം വാർന്ന് ഇയാൾ വീട്ടിനുള്ളിൽ മരണപ്പെടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് റ്റി. എസ്, എസ്.ഐ മാരായ ശരണ്യ എസ് ദേവൻ, ജയകുമാർ, സജി ജോസഫ്, എ.എസ്.ഐ മാരായ ബാബു, ശ്രീലതാമ്മാൾ, സി.പി.ഓ രഞ്ജിത്ത് രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.