കോട്ടയം. കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോടും കോട്ടയത്തോടും കാണിച്ച അവഗണയിൽ പ്രതിക്ഷേധിച്ചു കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ:കെ ഫ്രാൻസിസ് ജോർജ് എം പി ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഒഴിച്ച് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളെ പരിഗണിക്കാത്ത ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.
കർഷകർ രണ്ടാം വട്ടവും സമരരംഗത്ത് നിൽക്കുന്ന സാഹചര്യത്തിൽ പോലും, രാജ്യത്തെ കർഷകരുടെ മർമ്മപ്രധാനമായ ആവശ്യം, അവരുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങു വില നൽകണമെന്ന ആവശ്യം ധനമന്ത്രി അവഗണിച്ചു. കാർഷികമേഖലയ്ക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോഴും കർഷകരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ് കേന്ദ്രസർക്കാർ നിരാകരിച്ചത്. ഒരു മാസം മുമ്പ് പ്രഖ്യാപിച്ച താങ്ങു വിലയിൽ ഈ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നാണ് സർക്കാരിൻ്റെ മുടന്തൻ ന്യായീകരണം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കർഷകർക്ക് പെൻഷൻ നൽകുക, കാർഷിക കടങ്ങൾ എഴുതി തള്ളുക എന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്. അതിനോടൊന്നും ഒരു പ്രതികരണവും ധനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 10 വർഷത്തിനിടക്ക് വൻകിട കോർപ്പറേറ്റുകളുടെ 8 ലക്ഷം കോടിയിലധികം രൂപയുടെ കടബാധ്യത എഴുതി തള്ളാൻ കേന്ദ്രസർക്കാരിന് ഒരു മടിയുമുണ്ടായില്ല. കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന കർഷകരുടെ ആവശ്യത്തിൽ ഇപ്പോഴും കേന്ദ്രം മൗനം പാലിക്കുകയാണ്. കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. അഞ്ചു ഗഡുക്കളായി തിരിച്ചടക്കുമെന്ന് പറഞ്ഞ ആ പാക്കേജ് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ജി എസ് ടി വിഹിതം നിലവിലുള്ള 50 : 50 അനുപാതം എന്നതിന് പകരം സംസ്ഥാനങ്ങൾക്ക് 60 ശതമാനം കേന്ദ്രത്തിന് 40 ശതമാനം എന്ന നിലയിൽ വീതം വയ്ക്കണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചില്ല. വായ്പ പരിധി മൂന്നര ശതമാനമാക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.
വിഴിഞ്ഞം പദ്ധതിക്കായി 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം എന്ന ആവശ്യവും അംഗീകരിക്കാൻ കേന്ദ്രധനമന്ത്രി തയ്യാറായിട്ടില്ല. കേരളത്തിന് മാത്രമല്ല രാജ്യത്തിന് ആകമാനം പ്രയോജനം ചെയ്യുന്ന വിഴിഞ്ഞം പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട സഹായം പോലും നൽകാത്ത നിഷേധാത്മകമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.ഇതിനെതിരെ എംപിമാർ പാർലമെൻറിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.അതിനോടൊന്നും അനുകൂലമായ സമീപനം അല്ല കേന്ദ്രസർക്കാരിന്റെത്. കേന്ദ്രത്തിന്റെ കടുത്ത അവഗണക്കെതിരെ പാർലമെൻറിൽ വരും ദിവസങ്ങളിൽ സമരവും പ്രതിഷേധവും ശക്തമാക്കുമെന്നും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ .ജെയ്സൺ ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മുൻമന്ത്രി ടി യു കുരുവിള മുഖ്യാതിഥിയായിരുന്നു.
കേരള കോൺഗ്രസ് ഐ റ്റി & പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചെയർമാൻ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ കെ എഫ് വർഗീസ്, സംസ്ഥാന അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ മാഞ്ഞൂർ മോഹൻകുമാർ, അഡ്വ പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ്, വി. ജെ ലാലി, ജോർജ് പുളിങ്കാട്, സാബു പ്ലാത്തോട്ടം, മറിയാമ്മ, അഡ്വ. പി സി മാത്യു, സി ഡി വത്സപ്പൻ , ബിനു ചെങ്ങളം, ആൻറണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, ജോയി ചെട്ടിശ്ശേരി, മൈക്കിൾ ജയിംസ്, ജോർജുകുട്ടി മാപ്പിളശേരി, ശശിധരൻ ശരണ്യ എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റ്മാർ, ത്രിതല പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു.