കോട്ടയം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശിയായ പിങ്കുപാലി (23) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ കൂടെ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇവർ ഇരുവരും പൂവൻതുരുത്ത് പ്രവർത്തിക്കുന്ന റബർ മാറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. കഴിഞ്ഞദിവസം വെളുപ്പിനെ ജോലി കഴിഞ്ഞ് ദേഹത്ത് പറ്റിയിരുന്ന റബ്ബർ മാറ്റ് പൊടിയും, മറ്റും എയർ കംപ്രസ്സറിൽ ഘടിപ്പിച്ചിരുന്ന ഫ്ലെക്സിബിൾ ഹോസ് വഴി വരുന്ന ശക്തമായ കാറ്റ് ഉപയോഗിച്ച് നീക്കം ചെയ്തുകൊണ്ടിരുന്ന സമയം പിങ്കുപാലി ഹോസ് ആസാം സ്വദേശിയുടെ മലദ്വാരത്തിലേക്ക് തള്ളിക്കയറ്റി ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
ഇതിൽ കുടലിന് സാരമായ പരിക്കേറ്റ ആസാം സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിങ്കുപാലിക്ക് ആസാം സ്വദേശിയോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.