കോട്ടയം: പുതുപ്പള്ളിയിൽ തർക്കത്തിനിടെ പുതുപ്പള്ളി സ്വദേശി തള്ളിയിട്ടതിനെ തുടർന്ന് വാഹനം തട്ടി ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവത്തിലെ പ്രതി കസ്റ്റഡിയിൽ. ലോട്ടറി വിൽപ്പനക്കാരൻ പുതുപ്പള്ളി എള്ളുകാല എസ്.സി ഭവനിൽ ചന്ദ്രശേഖരൻ (70) ആണ് മരിച്ചത്. സംഭവത്തിൽ കേസിലെ പ്രതിയായ പുതുപ്പള്ളി സ്വദേശിയായ ബാബുവിനെ(65) കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ മരണ കാരണവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ബാബുവും ചന്ദ്രശേഖറനും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാബു ചന്ദ്രശേഖരനെ പിടിച്ച് തള്ളുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ കാറിന്റെ മുന്നിലേയ്ക്കു ചന്ദ്രശേഖരൻ വീഴുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ശരി വയ്ക്കുന്ന മൊഴി തന്നെയാണ് പ്രതിയായ ബാബു പൊലീസിനു നൽകിയിരിക്കുന്നതും. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിനാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇനി മനപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചുമത്തി പ്രതിയ്ക്കെതിരെ കേസെടുക്കും.