കോട്ടയം: കോട്ടയം നഗരസഭയിൽ എൽഡിഎഫ് ധാരണ പ്രകാരം രാജി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തു നിന്നും കേരള കോൺഗ്രസ് എമ്മിലെ ജോസ് പള്ളിക്കുന്നേൽ രാജി വച്ചു. ഇനിയുള്ള കാലാവധി സിപിഎമ്മിലെ സി ജി രഞ്ജിത്താകും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ. സിപിഎമ്മിലെയും എൽഡിഎഫിലെയും ധാരണപ്രകാരമാണ് രാജി. ഇതിനിടെ എൽഡിഎഫിലെ ധാരണപ്രകാരമുള്ള രാജി കോൺഗ്രസിലും പൊട്ടിത്തെറിയ്ക്ക് ഇടയാക്കി. കോൺഗ്രസിലെ ധാരണകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് കൗൺസിലർമാർ രംഗത്ത് എത്തിയതാണ് ഇപ്പോൾ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിരിക്കുന്നത്. കോട്ടയം നഗരസഭയിൽ കോൺഗ്രസിനുള്ളിൽ സ്ഥാനങ്ങൾ വീതം വയ്ക്കുന്നതു സംബന്ധിച്ചുള്ള ധാരണകളുണ്ടായിരുന്നു. എന്നാൽ, ഈ ധാരണകളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. കോൺഗ്രസ് പാർട്ടി ഭരണത്തിൽ എത്തിയപ്പോൾ വികസന സ്റ്റാൻഡിംങ് കമ്മിറ്റി സ്ഥാനം സംബന്ധിച്ച് ധാരണയുണ്ടായിരുന്നു. ആദ്യത്തെ രണ്ടു വർഷം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു സന്തോഷ്കുമാർ വികസന സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ആകുന്നതിനായിരുന്നു ധാരണ. ഇതിന് ശേഷം രണ്ടു വർഷം ജാൻസി ജേക്കബാകും സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സണെന്നായിരുന്നു ധാരണ. അവസാന ഒരു വർഷം ആരാകണമെന്ന കാര്യത്തിൽ പിന്നീട് ധാരണയുണ്ടാകുമെന്നും കോൺഗ്രസ് തീരുമാനിച്ചിരുന്നു. അന്ന് ഡിസിസി പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ചു ധാരണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ, ഈ ധാരണ ലംഘിക്കപ്പെട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കാലവധി അവസാനിക്കാൻ രണ്ട് വർഷത്തിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴും ഇതുവരെയും ബിന്ദു സന്തോഷ്കുമാർ സ്ഥാനം രാജി വച്ചിട്ടില്ല. ഇതാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ വിവാദമായി തീർന്നിരിക്കുന്നത്. ഉമ്മൻചാണ്ടി ജീവിച്ചിരുന്നു എങ്കിൽ ധാരണകളെല്ലാം കൃത്യമായി പാലിക്കപ്പെട്ടേനെയെന്നു നഗരസഭ അംഗം ജാൻസി ജേക്കബ് ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. കോൺഗ്രസ് പാർട്ടി ഇത്തരത്തിൽ ധാരണ പാലിക്കാത്തത് കൗൺസിലർമാർക്കിടയിൽ വലിയ എതിർപ്പിനും ഇടയാക്കിയിട്ടുണ്ട്.