ചങ്ങനാശ്ശേരി : ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ വെരൂർ റെയിൽവേ ക്രോസ് ഭാഗത്ത് പുതുശ്ശേരി വീട്ടിൽ ജയേഷ് പി.ജെ (31) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടുകൂടി പാലത്തറ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ എത്തിയ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലയ്ക്കും, കാലിനും അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഒരാഴ്ച മുന്‍പ് ഇതേ സ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഇയാള്‍ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ എം, എ.എസ്.ഐ രതീഷ് പി.എസ്, സി.പി.ഓ മാരായ ഡെന്നി ചെറിയാൻ, അനിൽകുമാർ ബി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.