കോട്ടയം: കോട്ടയത്ത് നടന്ന അഡ്വ.കെ.പി.ഗോപാലൻ നായർ മെമ്മോറിയൽ അഖില കേരള ഇൻറർ ബാർ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കോട്ടയം ജില്ലാ ബാർ അസ്സോസിയേഷൻ ടീമായ കോട്ടയം ബാരിസ്റ്റേഴ്സ് ജേതാക്കളായി. ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവച്ച കോട്ടയം, ഹൈക്കോർട്ട് ടീമിനെയാണ് ഒരേയൊരു ഗോളിന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എറണാകുളം ജില്ലാ കോടതി ടീമിനോട് ഫൈനലിലേറ്റ ഒരു ഗോൾ പരാജയത്തിന് കോട്ടയം ബാർ മധുരമായി പകരം വീട്ടി. കൊല്ലം ബാർ അസ്സോസിയേഷൻ മൂന്നാം സ്ഥാനം നേടി.ടീമിനെ വിജയത്തിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ച കോട്ടയത്തിൻ്റെ താരം അഡ്വ.ഗൗതം ജി ആണ് പ്ലയർ ഓഫ് ദ ടൂർണമെൻ്റ്, പ്ലയർ ഓഫ് ദ് ഫൈനൽ അഡ്വ. അഖിൽ ഉത്തമൻ ഏകഗോളടിച്ച് ഫൈനലിലെ താരമായി.
മൂവാറ്റുപുഴ ബാർ താരം ആഷിഖ്കൂ ടുതൽ ഗോൾ നേടിയതിനുള്ള സുവർണ പാദുകം കരസ്ഥമാക്കി. കോട്ടയം ഡിഫൻസ് കൗൺസൽ ടീം സ്പോൺസർ ചെയ്ത ബെസ്റ്റ് ഡിഫൻഡർ ട്രോഫി ഹൈക്കോർട്ട് ബാറിൻ്റെ ഡിഫൻഡർ അഡ്വ. ആദിത്യൻ കരസ്ഥമാക്കി. കോട്ടയത്തിൻ്റെ ഗോളി അഡ്വ.നവനീത് മേനോൻ ആണ് മികച്ച ഗോൾകീപ്പർ.വിജയികൾക്കുള്ള പുരസ്കാരങ്ങൾ : ജില്ലാ/സെഷൻസ് ജഡ്ജ് എം മനോജ്, കെ പി ഗോപാലൻ നായർ എവർറോളിംഗ് ട്രോഫി സീനിയർ അഭിഭാഷകൻ അഡ്വ.ജി.അജിത്കുമാർ എന്നിവർ സമ്മാനിച്ചു. അഡ്വ.കെ.സി.ഫിലിപ്പോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സീനിയർ അഭിഭാഷക ഷീബ തരകൻ വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി. പ്രവീൺ കുമാർ, ബാർ അസ്സോസിയേഷൻ പ്രസിഡൻ്റ് അഡ്വ.സജി കൊടുവത്ത്, സെക്രട്ടറി അഡ്വ.മുഹമ്മദ് നിസ്സാർ എന്നിവർ മറ്റു പുരസ്കാരങ്ങൾ സമ്മാനിച്ചു.പ്രഥമ ഇൻറർ ബാർ ഫുട്ബോൾ കിരീടം എറണാകുളം ജില്ലാ ബാർ അസ്സോസിയേഷനായിരുന്നു.