കോട്ടയം: യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി കറുകപ്പള്ളി വീട്ടിൽ ബോബി (30), അതിരമ്പുഴ പന്തലാടിക്കൽ വീട്ടിൽ അനൂപ് പീറ്റർ (29), അതിരമ്പുഴ താഴത്തിരുപ്പു വീട്ടിൽ എബിൻ ദേവസ്യ (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കോട്ടയം മുട്ടമ്പലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ നട്ടശ്ശേരി സ്വദേശിയായ യുവാവിനെ ഓഫീസിലെത്തി ആക്രമിക്കുകയായിരുന്നു. ഓഫീസിലെത്തിയ ഇവർ യുവാവിനെ മർദ്ദിക്കുകയും, യുവാവിന്റെ കഴുത്തിൽ കിടന്നിരുന്ന 5000 രൂപയോളം വില വരുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് നശിപ്പിക്കുകയും ചെയ്തു.
ഈ സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് ഫോണില്‍ വിളിച്ച് ചീത്ത വിളിച്ചത് യുവാവാണ് എന്നാരോപിച്ചായിരുന്നു ഇവർ ഇയാളെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐമാരായ ദിലീപ് കുമാർ.കെ, സദക്കത്തുള്ള, സി.പി.ഓ മാരായ പ്രതീഷ് രാജ്, മനോജ്, അജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാണ്ട് ചെയ്തു.