പനച്ചിക്കാട്: വീട്ടമ്മമാർക്ക് വേണ്ടി പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും എന്ന പദ്ധതി നടപ്പിലാക്കി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . മുൻപ് നടന്ന ഗ്രാമസഭയിൽ അപേക്ഷ സമർപ്പിച്ച 250 വനിതകൾക്കായി 3 . 71 ലക്ഷം രൂപയാണ് പഞ്ചായത്ത് ചിലവഴിക്കുന്നത് . 10 ചട്ടികളും പച്ചക്കറി തൈകളും പോട്ടിങ്ങ് മിശ്രിതവുമടങ്ങിയ 2000 രൂപ വില വരുന്ന ഒരു യൂണിറ്റിന് 500 രൂപ മാത്രമാണ് ഗുണഭോക്താവിന് ചിലവ് . ഗ്രോ ബാഗിനു പകരം ഹൈ ഡെൻസിറ്റി പോളി എത്തിലിൻ കൊണ്ട് നിർമ്മിച്ച ചട്ടികളാണ് വിതരണം ചെയ്തത് . ചാണകപ്പൊടി – 3 കിലോ , ട്രൈകോഡെർമ – 200 ഗ്രാം , വേപ്പിൻപിണ്ണാക്ക് – അരക്കിലോ , എല്ലുപൊടി – ഒരു കിലോ , ജൈവവളം – 8 കിലോ , ചകിരിച്ചോർ – 10 കിലോ എന്നിവയടങ്ങിയ 23 കിലോയോളം പോട്ടിങ്ങ് മിശ്രിതമാണ് ഒരു യൂണിറ്റി നോടൊപ്പം നൽകുന്നത് . തക്കാളി , കാബേജ് , കോളിഫ്ലവർ , വഴുതന, മുളക് എന്നിവയുടെ തൈകളും നൽകി . പോട്ടിങ്ങ് മിശ്രിതം മണ്ണിൽ ചേർത്ത് ചട്ടിയിൽ നിറച്ചാണ് തൈകൾ നടേണ്ടത് . പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു. വികസനസ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയാ മധു അദ്ധ്യക്ഷത വഹിച്ചു . കൃഷി ഓഫീസർ ശിൽപ ബാലചന്ദ്രനാണ് പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥ . ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ജീനാ ജേക്കബ് , പഞ്ചായത്തംഗങ്ങളായ സി എം സലി , ശാലിനി തോമസ് , എം കെ കേശവൻ, ബോബിസ്കറിയ , നൈസി മോൾ , ജയന്തി ബിജു , കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ ശിവൻ സി ചാലിത്തറ , അസി:കൃഷി ഓഫീസർ എസ് തമ്പി എന്നിവർ പങ്കെടുത്തു .