അയര്‍ക്കുന്നം: യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് പറമ്പുകര ഭാഗത്ത് ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ ജോർജ് (25), മണർകാട് നരിമറ്റം ഭാഗത്ത് സരസ്വതി വിലാസം വീട്ടിൽ അശ്വിൻ. എ (21), അയർക്കുന്നം പെരുമ്പാക്കുന്നേൽ ഭാഗത്ത് പെരിയോർകുന്നേൽ വീട്ടിൽ പ്രവീൺ ജോസഫ് (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ 17-)o തീയതി രാത്രി അയർക്കുന്നം ടൗണിലുള്ള ശ്രീലക്ഷ്മി പാർക്ക് ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന അമയന്നൂർ സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ബൈക്കിൽ കയറ്റി ഇടറോഡിന് സമീപമുള്ള വയലിന് സമീപം എത്തിച്ച് കമ്പുകൊണ്ട് മറ്റും മർദ്ദിക്കുകയും , യുവാവിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്നെടുക്കുകയും, തുടർന്ന് ജെ.സി.ബി ഓപ്പറേറ്റർ കൂടിയായ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയെ ഇയാളെ കൊണ്ട് ഭീഷണിപ്പെടുത്തി വിളിപ്പിച്ച് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയപ്പിച്ചു കൊടുക്കുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുശേഷം യുവാവിനെ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ പിടികൂടുകയുമായിരുന്നു. ഇവരിൽ ഒരാളായ ടോണി ജോർജിന് അയർക്കുന്നം, കോട്ടയം ഈസ്റ്റ്, പാലാ, പാമ്പാടി തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനൽ കേസുകളും, അശ്വിന് അയർക്കുന്നം, മണർകാട്, കറുകച്ചാൽ, പാമ്പാടി എന്നീ സ്റ്റേഷനുകളിലും, പ്രവീൺ ജോസഫിന് അയർക്കുന്നത്തും കേസുകൾ നിലവിലുണ്ട്. ടോണി, അശ്വിൻ എന്നിവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ എ.എസ്.പി അശ്വതി ജിജി , എസ്.ഐ മാരായ സജു ടി ലൂക്കോസ്, സുജിത്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.