തിരുവനന്തപുരം: കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറി ആന്സല ദാസിന്റെ കാല്‍പ്പാദത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ പോലീസ് വണ്ടി ഇടിപ്പിച്ചു വധിക്കാനാണ് ശ്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്ക് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. വാഹനത്തിന്റെ വാതിലില്‍ത്തട്ടി നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനിടെ പൊലീസാണ് ഇയാളെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, അവിടെനിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അവിടെവച്ചു നടത്തിയ പരിശോധനയില്‍ ആൻസല ദാസന്റെ കാലില്‍ രണ്ടിടത്ത് ഒടിവുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.