കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തിൽ യുഡിഎഫിലും പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു. ഒഴിവ് വരുന്ന സീറ്റുകളിൽ ഒന്ന് യുഡിഎഫിന് വിജയിക്കാൻ അവസരം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുഡിഎഫിൽ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലീം ലീഗിന് നൽകുന്നതിനാണ് യുഡിഎഫിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്. എന്നാൽ, തങ്ങൾക്ക് രാജ്യസഭാ സീറ്റ് നൽകണമെന്ന് കേരള കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം രഹസ്യമായി ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫിനുള്ളിലും രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള തർക്കം ഉടലെടുത്തു തുടങ്ങിയിട്ടുണ്ട്.
എന്നാൽ, മുസ്ലീം ലീഗിന് രാജ്യസഭാ സീറ്റ് നൽകുന്നതിൽ എതിർപ്പുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. മുസ്ലീം ലീഗിന്റെ രണ്ട് സീറ്റും സുഖമായി വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എന്നാൽ, കഴിഞ്ഞ തവണത്തെ പോലെ ക്ലീൻ സ്വീപ്പ് എന്ന യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും, പല സീറ്റുകളിലും കോൺഗ്രസിന്റെ സിറ്റിംങ് എംപിമാർക്ക് എതിരായ ജനവിരുദ്ധ വികാരം പരാജയത്തിന് കാരണമാകുമെന്ന സംശയം കോൺഗ്രസിലും യുഡിഎഫിലും ഉണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസിൽ നിന്നു തന്നെ രാജ്യസഭാ എംപി വേണമെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. ഇത് കൂടാതെ മുസ്ലീം ലീഗിന്റെ ഇപ്പോഴത്തെ ചില നിലപാടുകളിലും രാജ്യസഭാ സീറ്റ് ലീഗിന് നൽകുന്നതിനെ എതിർക്കുന്നതിന് കാരണമായി ചിലർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ അടുത്ത തവണ കൂടി സംസ്ഥാന ഭരണം ലഭിച്ചില്ലെങ്കിൽ ലീഗ് ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന പ്രചാരണം ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കി നിൽക്കെ ഒരു രാജ്യസഭാ സീറ്റിൽ പരീക്ഷണം നടത്തേണ്ടതുണ്ടോ എന്നതാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന സംശയം.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം രാജ്യസഭാ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നത് ഒരുതരത്തിലും ഉൾക്കൊള്ളാൻ പറ്റില്ല എന്നുള്ളതാണ് കോൺഗ്രസിന്റെ നിലപാട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ തിരിച്ചടിയുണ്ടായാൽ അതു കോൺഗ്രസ് പാലം വലിച്ചതിനെ തുടർന്നാണ് എന്ന് പ്രചരിപ്പിച്ച് പരിഹാരമായി രാജ്യസഭാ സീറ്റ് ചോദിക്കുന്നതിനാണ് ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. എന്നാൽ, ഈ ആലോചനയെ മുളയിലെ നുള്ളുന്നതിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. പാർലമെന്റ് സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിനെ തന്നെ എതിർക്കുന്ന കോൺഗ്രസ് രാജ്യസഭാ സീറ്റ് കൂടി നൽകുന്നതിനുള്ള ആലോചന പോലും തള്ളിക്കളയുകയാണ്. ഏതായാലും ഒരു സീറ്റിന്റെ പേരിൽ മൂന്ന് കക്ഷികളും അവകാശവാദം ഉന്നയിച്ചതോടെ യുഡിഎഫിലും തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. നേരത്തെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി എൽ ഡി എഫിലും നേരത്തെ തർക്കം ഉടലെടുത്തിരുന്നു. സി പി ഐയും കേരള കോൺഗ്രസും ഒരു പോലെ സീറ്റിൽ അവകാശ വാദം ഉന്നയിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. ഇപ്പോൾ ഇടത് മുന്നണിയിലെ തർക്കങ്ങൾ യു ഡി എഫിലേയ്ക്കും പടരുന്നത് തർക്കങ്ങൾ രൂക്ഷമാക്കും. രണ്ട് മുന്നണികളും ഒരു പോലെ രാജ്യസഭാ സീറ്റിനെച്ചൊല്ലി തർക്കിക്കുന്നത് വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തെ കൂടുതൽ സജീവമാക്കും.
രാജ്യസഭാ സീറ്റ്; യുഡിഎഫിലും പൊട്ടിത്തെറി: ഒഴിവ് വന്ന ഒരു സീറ്റിന് അവകാശവാദവുമായി മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫും; സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗം
Advertisements