ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടൂർ ചെമ്മലമറ്റം ഭാഗത്ത് പൂവത്തിനാൽ വീട്ടിൽ ജോർജ് വർക്കി (65) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് രണ്ടാം തീയതി വാഗമൺ കുരിശുമല ഭാഗത്തുള്ള ഹോംസ്റ്റേയുടെ സമീപം വച്ച് പെരുമ്പായിക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രണ്ടാം തീയതി വാഗമണ്ണിൽ ഉള്ള ഹോംസ്റ്റേയുടെ സമീപം വച്ച് ഇവർ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ചീത്ത വിളിക്കുകയും, യുവാവിന്റെ സുഹൃത്തിനെ വടികൊണ്ട് അടിക്കുകയുമായിരുന്നു. ഇതു യുവാവ് തടയാൻ ശ്രമിക്കുകയും തുടർന്ന് ഇവർ യുവാവിനെയും മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇവർക്കിടയിൽ മുന്‍വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഇതിനു ശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ മാരായ ജിബിൻ തോമസ്, ഇക്ബാൽ പി.എ, എ.എസ്.ഐ ഹരീഷ് മോൻ, സി.പി.ഓ മാരായ ജോബി ജോസഫ്, ഷാനവാസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.