കോട്ടയം: വടവാതൂരിൽ എംആർഎഫ് കമ്പനിയ്ക്കു സമീപത്ത് റബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ. കങ്ങഴ സ്വദേശിയായ വിപിൻ ജോസി(22)ന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വടവാതൂർ എം.ആർ.എഫ് ഫാക്ടറിയ്ക്കു സമീപത്തെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. ജിടെക് വിദ്യാർത്ഥിയായ വിപിനെ കഴിഞ്ഞ മെയ് 10 നാണ് കങ്ങഴയിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ പാമ്പാടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മെയ് 27 ന് വടവാതൂരിലെ റബര് തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
വടവാതൂരിൽ റബർ തോട്ടത്തിന് സമീപം മാഞ്ചിയത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പത്ത് അടി ഉയരത്തിലുള്ള മാഞ്ചിയത്തിന് മുകളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അറുപത് ഇഞ്ച് വണ്ണമുള്ള മാഞ്ചിയത്തിൽ ദ്രവിച്ച് തുടങ്ങിയ കയറിലാണ് മൃതദേഹം കിടന്നിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മെയ് 10 നാണ് വിപിനെ കാണാതായത്. തുടർന്ന് ജിടെകിൽ വിദ്യാർത്ഥിയായ വിപിൻ തന്റെ സുഹൃത്തിനെ കാണാനായി വടവാതൂരിൽ എത്തിയതാണ് എന്ന് ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം വിപിന്റെ മൃതദേഹം വടവാതൂരിൽ കണ്ടെത്തിയതായാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. തുടർന്ന് ബന്ധുക്കൾ സ്ഥലത്ത് എത്തിയ ശേഷം മരിച്ചത് വിപിനാണ് എന്ന് തിരിച്ചറിയുകയായിരുന്നു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയും ചെയ്തു. എന്നാൽ, മൃതദേഹം ഇന്ന് രാവിലെ നൽകുമെന്ന് അറിയിച്ച് ഇതുവരെയും ബന്ധുക്കൾക്ക് വിട്ടു നൽകാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.