കോട്ടയം : തോട്ടുവാ – കളത്തൂര്‍ – കാണക്കാരി റോഡിൽ, കളത്തൂരില്‍ അപകടക്കെണിയായി മാറിയ പാറമടയ്ക്കു സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കളത്തൂര്‍ നിവാസികള്‍ പ്രതിഷേധ സംഗമം നടത്തി. മണ്ഡപം ജംഗ്ഷന് സമീപത്തെ സംരക്ഷണഭിത്തിയും മറയുമില്ലാത്ത പാറമട കുളത്തില്‍ വീണ് കാര്‍ യാത്രികനായ ഞാറക്കുളത്തില് (കിണറ്റിങ്കല്‍) ലിധീഷ് ജോസ് (45) മരിക്കാനിടയായ സംഭവമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വ്യാഴാഴ്ച്ച രാത്രിയിയിലാണ് ഒരാളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടം ഉണ്ടായത്. കട അടച്ചു രാത്രിയില്‍ വീട്ടിലേക്കു വരുമ്പോഴാണ് ലിധീഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാറമടയില്‍ വീണു ദുരന്തമുണ്ടായത്. നാട്ടുകാര്‍ ഇവിടുത്തെ അപകടസാധ്യത ചൂണ്ടിക്കാണിച്ചു അധികാരികള്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല…. ഇതേതുടര്‍ന്നാണ് ജനകീയ ഒപ്പുശേഖരണവും പ്രതിഷേധ സംഗമവും നടത്തിയത്. റോഡിനോടു ചേര്‍ന്ന് പാറമടയുടെ ഭാഗത്തെ കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. ഇനിയൊരു ജീവന് പൊലിയാതിരിക്കട്ടെ, അധികാരികള്‍ കണ്ണ് തുറക്കൂ – എന്നെഴുതിയ ബാനറുകളും കെട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ജനകീയ സമിതി ഭാരവാഹികളായ സലിംകുമാര്‍, സിബി കൊച്ചുമലയില്‍, റോയി കൊച്ചുമലയില്‍, രത്നമ്മ, ജലജ, ലതിക തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി. ഖനനം നടത്താന്‍ കഴിയാതെ വന്നതോടെ ഉപേക്ഷിച്ച പാറമടയാണ് ഇവിടെ മരണക്കയമായി മാറിയത്. സംരക്ഷണ വേലികള്‍ പോലും ഇല്ലാതെ വഴിയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി പാറമടകളാണുള്ളത്. രാത്രികാലത്തും കനത്ത മഴയുള്ള സമയങ്ങളിലുമെല്ലാം റോഡരികില്‍ വാ തുറന്ന് കിടക്കുന്ന നിറയെ വെള്ളമുള്ള പാറമടകളെല്ലാം വലിയ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്. പലയിടത്തും റോഡരികില്‍ കാട് മൂടി കിടക്കുന്ന വിധത്തിലാണ് പാറമടകളുടെ വശങ്ങള്. പാറമടകള്‍ ഉണ്ടെന്ന് കാണിക്കുന്ന അപായ സൂചനകളോ, വേണ്ടത്ര സുരക്ഷിതത്വമുള്ള സംരക്ഷണ വേലികളോ പാറമടകള്ക്കില്ല. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ വരുന്നത്.