കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ സി.ഐ.എ.എസ്.എൽ; 50 കോടി മുതൽ മുടക്കിൽ മൂന്നാമത്തെ ഹാങ്ങർ ഒരുങ്ങുന്നു

ഫോട്ടോ – സി.ഐ.എ.എസ്.എൽ പുതിയതായി നിർമ്മിക്കുന്ന ഹാങ്ങറിന്റെ നിർമ്മാണോദ്ഘാടനം സി.ഐ.എ.എസ്.എൽ ചെയർമാനും സിയാൽ എം.ഡിയുമായ എസ്. സുഹാസ് ഐഎഎസ് നിർവഹിക്കുന്നു. സിഐഎഎസ്എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവട്ടിൽ സമീപം.

Advertisements

കേരളത്തിൽ ആദ്യമായി വിമാനങ്ങൾക്ക് കവേർഡ് പാർക്കിങ് സംവിധാനം
നിർമ്മാണം എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കും
ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി: ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസ് ലിമിറ്റഡ് (സിഐഎഎസ്എൽ). വിമാന അറ്റകുറ്റപ്പണികൾക്കായി (എംആർഒ) കൊച്ചി എയർപോർട്ടിൽ നിർമ്മിക്കുന്ന മൂന്നാമത്തെ കൂറ്റൻ ഹാങ്ങറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സി.ഐ.എ.എസ്.എൽ ചെയർമാൻ എസ്. സുഹാസ് ഐ എ എസ് തുടക്കം കുറിച്ചു. 53 ,800 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഹാങ്ങറിനോട് ചേർന്ന്, 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്ഷോപ്പ്, കംപോണന്റ് റിപെയറിനും നോൺ-ഡിസ്ട്രക്റ്റീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യങ്ങളും ഒരുക്കും. എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാമ്പത്തിക, വ്യവസായ, തൊഴിൽ മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുന്നതാണ് പുതിയ പ്രൊജക്ട്.

നിലവിൽ കേരളത്തിനു പുറമെ നാഗ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രങ്ങളുള്ളത്. കേരളത്തിൽ കൊച്ചിക്ക് പുറമെ തിരുവനന്തപുരത്തും എംആർഒ സംവിധാനമുണ്ട്. എന്നാൽ, റൺവേയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പശ്ചാത്തല സൗകര്യം (റൺവേ കണക്ടിവിറ്റി) കേരളത്തിൽ കൊച്ചിയിൽ മാത്രമാണുള്ളത് എന്നത് കൊച്ചി എയർപോർട്ടിന്റെ പ്രത്യേകത.

വ്യോമയാന ഗതാഗതം ദിനംപ്രതി വളരുന്ന സാഹചര്യത്തിൽ, വിമാനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അവയുടെ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യം രാജ്യത്ത് അപര്യാപ്തമാണ്. അതിനാൽ രാജ്യത്തെയും വിദേശത്തെയും വിമാനക്കമ്പനികൾ അറ്റകുറ്റപ്പണികൾക്കും പാർക്കിങ്ങിനുമായി സിംഗപ്പൂർ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുവഴി ബില്യൺ കണക്കിന് രൂപയാണ് ഓരോ വർഷവും രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത്. ഈ സാഹചര്യം മാറ്റിയെടുക്കുക എന്ന കേന്ദ്രസർക്കാരിന്റെ പുതിയ എംആർഒ നയത്തിന്റെ ചുവടുപിടിച്ചാണ് കൊച്ചി എയർപോർട്ടിന്റെ വികസനക്കുതിപ്പ്. പുതിയ ഹാങ്ങർ യാഥാർത്ഥ്യമാകുന്നതോടെ, വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ ബിസിനസ് കേരളത്തിലേക്ക് ആകർഷിക്കാനും കൊച്ചിയെ ദക്ഷിണേഷ്യയിലെ ഒരു പ്രധാന എംആർഒ ഹബ്ബായി ഉയർത്താനും സാധിക്കും.

ശേഷി ഇരട്ടിയാകും

നിലവിലുള്ള ഹാങ്ങറുകളിൽ ഒരേസമയം ഒരു നാരോ ബോഡി വിമാനത്തിന് മാത്രം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുമ്പോൾ, പുതിയ ഹാങ്ങറിൽ ഒരേസമയം രണ്ട് നാരോ ബോഡി വിമാനങ്ങളെ ഉൾക്കൊള്ളാനാകും. ഇതോടെ സി.ഐ.എ.എസ്.എല്ലിന്റെ എംആർഒ ശേഷി ഒറ്റയടിക്ക് ഇരട്ടിയാകും.

കവേർഡ് പാർക്കിങ് സൗകര്യം കേരളത്തിൽ ആദ്യം

പുതിയ ഹാങ്ങറിനോട് ചേർന്നുള്ള കവേർഡ് പാർക്കിംഗ് സൗകര്യമാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. കേരളത്തിൽ ആദ്യമായാണ് വിമാനങ്ങൾക്കായി ഇത്തരമൊരു സംവിധാനം ഒരുങ്ങുന്നത്. 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പാർക്കിംഗ് ഏരിയയിൽ ഒരേസമയം 13 നാരോ ബോഡി വിമാനങ്ങൾ വരെ സുരക്ഷിതമായി പാർക്ക് ചെയ്യാം. വർധിച്ചുവരുന്ന ബിസിനസ് ജെറ്റുകൾക്കും, പ്രൈവറ്റ് ഹെലികോപ്റ്ററുകൾക്കും സ്വകാര്യത ഉറപ്പാക്കി സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഈ സൗകര്യം സഹായകമാകും.

ആയിരത്തിലധികം തൊഴിലവസരങ്ങൾ

പുതിയ പദ്ധതി സംസ്ഥാനത്ത് വലിയ തൊഴിൽ സാധ്യതകളാണ് തുറന്നിടുന്നത്. നാനൂറിലധികം പേർക്ക് നേരിട്ടും, ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. വൈദഗ്ധ്യമുള്ള എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ തുടങ്ങി നിരവധി മേഖലകളിൽ ഇത് അവസരങ്ങൾ സൃഷ്ടിക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വയം ഒരു മാതൃകയായ കൊച്ചി എയർപോർട്ട് , പുതിയ എംആർഒ ഹബ്ബ് യാഥാർത്ഥ്യമാക്കുന്നതോടെ വ്യോമയാന മേഖലയിൽ കൊച്ചിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.

‘കേരളത്തെ ഒരു സമ്പൂർണ്ണ ഏവിയേഷൻ ഇക്കോസിസ്റ്റമാക്കി മാറ്റാനുള്ള സിയാലിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ ഹാങ്ങർ. വിമാന അറ്റകുറ്റപ്പണി രംഗത്ത് സ്വയംപര്യാപ്തത നേടാനും അതുവഴി സംസ്ഥാനത്തേക്ക് വിദേശനാണ്യം കൊണ്ടുവരാനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ നയങ്ങൾക്ക് കരുത്തുപകരുന്ന ഈ പദ്ധതി, ഭാവിയുടെ അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്.’- സി.ഐ.എ.എസ്.എൽ ചെയർമാൻ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു.

‘എട്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇരട്ടി ശേഷിയുള്ള ഈ മൂന്നാമത്തെ ഹാങ്ങറും അതിനോടനുബന്ധിച്ചുള്ള കവേർഡ് പാർക്കിംഗ് സൗകര്യവും എയർലൈൻ കമ്പനികൾക്ക് മികച്ച സേവനങ്ങൾ നൽകാൻ സഹായിക്കും. മറ്റൊരിടത്തുമില്ലാത്ത പശ്ചാത്തല സൗകര്യമാണ് കൊച്ചി എയർപോർട്ട് എംആർഒയെ വ്യത്യസ്തമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ 150 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുവാനും പദ്ധതിയിടുന്നുണ്ട്.’- സിഐഎഎസ്എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവട്ടിൽ പറഞ്ഞു.

Hot Topics

Related Articles