കോട്ടയം: പെരുമ്പായിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ രണ്ട് പേർ പിടിയിൽ. കുമാരനല്ലൂർ തിരുവാർപ്പ് സ്വദേശികളാണ് പിടിയിലായത്. പെരുമ്പായിക്കാട് കുമാരനെല്ലൂർ ഭാഗത്ത് പരിയാരത്ത് കാലായിൽ വീട്ടിൽ ഷംനാസ് (42), തിരുവാർപ്പ് വെട്ടിക്കാട്ട് ഭാഗത്ത് കുറയൻകേരിൽ വീട്ടിൽ ശ്രീജിത്ത് (33) എന്നിവരെയാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വൈകിട്ട് ആറുമണിയോടെ ഒരു ബൈക്കിൽ എത്തിയ പ്രതികൾ പരാതിക്കാരൻ കുടുംബമായി താമസിച്ചുവരുന്ന തിരുവാർപ്പിലെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി ചീത്തവിളിക്കുകയയായിരുന്നു. ഒന്നാം പ്രതിയുടെ അനുജൻ ഷംനാദി നെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനിലുള്ള കേസിൽ കോടതിയിൽ ഷംനാദിന അനുകൂലമായി മൊഴിമാറ്റി പറയണമെന്നും, അല്ലാത്തപക്ഷം ജീവിക്കാൻ അനുവദിക്കുകയില്ലെന്നും കൊന്നുകളയും എന്നും ഭീഷണിപ്പെടുത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കേസെടുത്ത കുമരകം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.