കോട്ടയം: കുറിച്ചി ആശുപത്രി ഉദ്ഘാടനം ചെയ്യാൻ എത്തുന്ന മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുമെന്ന ഭീഷണിയെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നിജുവാണിയപുരയ്ക്കലിനെയാണ് ഇന്നു പുലർച്ചയ്ക്ക് രണ്ടു വാഹനത്തിലെത്തിയ പോലീസ് വീടുവളഞ്ഞ് അറസ്റ്റു ചെയ്തത്. കൊടുംകുറ്റവാളികളെ നേരിടുന്ന രീതിയിലുള്ള പോലീസിൻ്റെ നടപടി കണ്ട് മതാപിതക്കളും സഹോദരിയുംഭയപ്പെട്ട് നിലവിളിച്ചതായും ആരോപണം ഉണ്ട്.
സചിവോത്തമപുരം സി എച്ച് സി ആശുപത്രി സംരക്ഷണ സമിതി പ്രവർത്തകൻ കൂടിയാണ് നിജുവാണിയപുരയ്ക്കൽ. സചിവോത്തമപുരം കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയതായി നിർമ്മിച്ച പകർച്ചവ്യാധി സെൻ്റർ ഉദ്ഘാടനം ചെയ്യാൻ ഇന്ന് 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് അറസ്റ്റു ചെയ്തതെന്ന്പോലീസ് അറിയിച്ചു. പിണറായി വിജയൻ്റെ നവകേരള സദസ് ആരംഭിച്ചപ്പോഴുള്ള ഭരണകൂട ഭീകരത ഇപ്പോഴും തുടരുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആശുപത്രിയിൽ കിടത്തി ചികിത്സാ വാർഡുകൾ പൊളിച്ചു മാറ്റിയതിനെതിരേ ആശുപത്രി സംരക്ഷണ സമിതി നടത്തിയ സമരത്തിലും വിവിധ യോഗങ്ങളിലും നിജു വാണിയപുരയ്ക്കൽ പങ്കെടുത്തിരുന്നു. അതിൻ്റെ പകവീട്ടലാണോ വീടുവളഞ്ഞുള്ള ഈ അറസ്റ്റ് എന്ന് സംശയം ഉണ്ട്. നിജു ഇപ്പോൾ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.