ചങ്ങനാശേരി : നഗരമധ്യത്തിൽ അർധരാത്രി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ പൊലീസിന്റെ വലയിലായതായി സൂചന. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷമീർ ഷാ (ഛോട്ടാ ഷമീർ) അപകടനില തരണം ചെയ്തു. വെള്ളിയാഴ്‌ച അർധരാത്രി ചങ്ങനാശേരി നഗരത്തിൽ ജനറൽ ആശുപത്രി റോഡിലാണ് കാപ്പ കേസുകളിലും ക്രിമിനൽ കേസുകളിലുമുൾപ്പെടെ പ്രതിയായിരുന്ന ഷമീറിനെ കാറിലെത്തിയ 4 പേരടങ്ങുന്ന സംഘം വടിവാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിക്കുന്നത്.
സ്‌കൂട്ടറിൽ യാത്ര ചെയ്‌ത ഷമീറിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിൽ കടന്ന പ്രതികളെ സംബന്ധിച്ച വ്യക്‌തമായ വിവരം സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസിനു ലഭിച്ചു. ഏപ്രിലിൽ നഗരത്തിലെ ഹോട്ടലിൽ കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്‌റ്റിലായ ഷമീർ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ സംഭവത്തിന്റെ പ്രതികാരമാണ് ഷമീറിനു നേരെയുണ്ടായ ആക്രമണമെന്നും പൊലീസ് കരുതുന്നു. മുൻപും ഈ സംഘവുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയും വൈരാഗ്യവുമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നത്.
നടുക്കും ദൃശ്യം ഇതിനിടെ ഷമീറിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്ന വിഡിയോ പുറത്തുവന്നു. മൊബൈലിൽ പകർത്തിയ വിഡിയോയാണിത്.
വടിവാൾ ഉപയോഗിച്ച് ഷമീറിനെ നടുറോഡിൽ തുടരെ വെട്ടുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്. പ്രാണരക്ഷാർഥം ഷമീർ സമീപത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്‌റ്റോറിനു മുൻപിലേക്ക് ഓടിക്കയറുന്നുണ്ട്. ഈ കടയുടെ മുൻപിലിട്ടും ഇയാളുടെ തലയ്ക്ക് വടിവാൾ ഉപയോഗിച്ച് സംഘത്തിലൊരാൾ വെട്ടുന്നതായി ദൃശ്യങ്ങളിൽ കാണാം. കടയിലേക്ക് ഷമീർ ഓടിക്കയറിയതോടെയാണ് പ്രതികൾ കാറിൽ കടന്നു കളഞ്ഞത്. സംഭവസമയത്ത് പ്രതികൾ മുഖം മറച്ചിരുന്നില്ല. പൊലീസിനെ സംബന്ധിച്ച് വിഡിയോ നിർണായക തെളിവാണ്.