പാലാ : വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേൽ വീട്ടിൽ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിത്തുറന്ന് 41000 രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മലപ്പുറത്ത് നിന്നും സാഹസികമായാണ് പോലീസ് പിടികൂടിയത്. ഇയാൾക്ക് മലപ്പുറം, എറണാകുളം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, ഈരാറ്റുപേട്ട, മണർകാട്, പള്ളിക്കത്തോട്, തിടനാട്, പാലാ,രാമപുരം എന്നീ സ്റ്റേഷനുകളിലായി നിരധി കേസുകളാണ് നിലവിലുള്ളത്. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എ.എസ്.ഐ ഉമേഷ് കുമാർ, സി.പി.ഓ മാരായ രഞ്ജിത്ത്.സി, ശങ്കർ, സിനേഷ്, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.