ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റ് ഇൻഡൊനീഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസറും ബോഡിബില്‍ഡറുമായ ജസ്റ്റിൻ വിക്കി മരിച്ചു.സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നതിനിടെയുണ്ടായ അപകടമാണ് മുപ്പത്തിമൂന്നുകാരനായ ജസ്റ്റിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
210 കിലോഗ്രാം ഭാരം തോളിലേന്തി സ്ക്വാട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വച്ച് വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഇതിനിടയിലാണ് 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വച്ച് സ്ക്വാട്ട് ചെയ്യാൻ ശ്രമിച്ചത്. എന്നാല്‍ ഭാരം താങ്ങാൻ കഴിയാതെ വരികയും സ്ക്വാട്ട് ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരം താങ്ങാൻ കഴിയാതെ നില്ക്കുന്ന ജസ്റ്റിനെ പിറകില്‍ നില്ക്കുന്നയാള് താങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ജസ്റ്റിൻ വീഴുന്നത് കാണാം. ഇരിക്കുന്ന പൊസിഷനിലേക്കാണ് ജസ്റ്റിൻ വീഴുന്നത്. ബാര്‍ബെല്‍ ഷോള്ഡറില് നിന്ന് കഴുത്തിലേക്ക് നീങ്ങുന്നതും വ്യക്തമായി വീഡിയോയില്‍ കാണാം.
അമിതമായ ഭാരമാണ് ജസ്റ്റിന്റെ കഴുത്ത് തകരാനും മരണത്തിനും കാരണമായത്. അപകടം നടന്നയുടൻ ജസ്റ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്ബുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്.