ടെഹ്റാൻ: അമേരിക്കയുമായുള്ള നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി.യുഎസിനെ അനുസരിക്കാനുള്ള സമ്മർദത്തിന് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്നും നേരിട്ടുള്ള ചർച്ചയ്ക്കായി അവർ മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങള്‍ പ്രതിസന്ധിയുടെ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു.
ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായി നിലനില്‍ക്കുന്ന തർക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രയേലും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടതിനെത്തുടർന്ന് ഇറാൻ, അമേരിക്കയുമായുള്ള ആണവ ചർച്ചകള്‍ നിർത്തിവച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘യുഎസുമായി ചർച്ച നടത്താൻ പ്രേരിപ്പിക്കുന്നവർ ബാഹ്യരൂപം മാത്രമാണ് കാണുന്നത്. എന്റെ കാഴ്ചപ്പാടില്‍, ഈ പ്രശ്നം പരിഹരിക്കാനാവാത്തതാണ്. ഇറാൻ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്തരം തെറ്റായ പ്രതീക്ഷകള്‍ വച്ചുപുലർത്തുന്നവർക്കെതിരെ ഇറാനിലെ ജനത അവരുടെ സർവ ശക്തിയുമെടുത്ത് നിലകൊള്ളും.’ ഖമീനി പറഞ്ഞതായി സർക്കാർ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
അടുത്തയാഴ്ച ആണവ ചർച്ചകള്‍ പുനരാരംഭിക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമ്മൻ പ്രതിനിധികളുമായി ധാരണയിലെത്തിയതായി സർക്കാർ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഖമീനിയുടെ ഈ പ്രസ്താവന.
അതേസമയം, ഇറാൻ ചർച്ചകള്‍ക്ക് തയ്യാറാകാത്ത പക്ഷം, ‘സ്നാപ്പ്ബാക്ക്’ സംവിധാനം ഉപയോഗിച്ച് ഇറാനെതിരായ ഐക്യരാഷ്ട്രസഭയുടെ ഉപരോധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ഫ്രാൻസും ബ്രിട്ടനും ജർമ്മനിയും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ ആണവായുധങ്ങള്‍ വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യൂറോപ്യൻ രാജ്യങ്ങളും യുഎസും പറയുന്നു. എന്നാല്‍ ആണവോർജ്ജം വികസിപ്പിക്കാൻ മാത്രമാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്ന് ഇറാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.