കോട്ടയം: ‘വാഴക്കുല’ പോലെയുള്ള കവിത എഴുതാനുള്ള സാഹചര്യത്തിൽ നിന്ന് കേരളീയ സമൂഹത്തെ മാറ്റിയെടുത്തത് ഭൂപരിഷ്കരണ നിയമമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുരീപ്പുഴ ശ്രീകുമാർ. ആളുകൾ ചോദിക്കുന്നതിന് അതേഭാഷയിൽ തന്നെ മറുപടി പറയാൻ സാധിക്കുന്ന തരത്തിൽ സർക്കാർ ഓഫീസുകളിലെ ഭാഷ മാറണം. ലോകത്ത് തന്നെ അപൂർവമായ അക്ഷരങ്ങളുള്ള ഭാഷയാണ് മലയാളം. ‘ഴ’ എന്ന അക്ഷരം ഉപയോഗിക്കുന്ന ലോകത്തെ അപൂർവം ഭാഷകളിലൊന്നാണ് മലയാളം. എല്ലാ രംഗങ്ങളിലും മികച്ച പ്രതിഭകളുള്ള നാടാണ് നമ്മുടേത്. മലയാളി എന്നുള്ളതിൽ എപ്പോഴും അഭിമാനം തോന്നണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.