കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംപിമാരായ വി കെ ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെ പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേരാനൊരുങ്ങുന്നു എന്ന പ്രചാരണം സൈബർ ലോകത്ത് ശക്തമാണ്.പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരണം ശക്തമായത്. എന്നാല്‍, അത്തരം അഭ്യൂഹങ്ങളെ ലജ്ജാവഹം എന്നാണ് കെ സുധാകരൻ വിശേഷിപ്പിച്ചത്. അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് സ്ഥാനാർത്ഥിത്വം ഉറപ്പായതിന് പിന്നാലെ കണ്ണൂരില്‍ റോഡ് ഷോയില്‍ പങ്കെടുക്കവെയാണ് കെ സുധാകരൻറെ പ്രതികരണം. മത്സരിക്കില്ലെന്ന് തീരുമാനിച്ചതാണ്, പക്ഷേ ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. മണ്ഡലത്തില്‍ അധികസമയം കണ്ടില്ലെന്ന പരാതി ഉയരുന്നത് അംഗീകരിക്കുന്നു, കാരണം താൻ അത്രമാത്രം തിരക്കുള്ളൊരു നേതാവാണ്, അതിനാലാണ് മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതെന്നും കെ സുധാകരൻ. കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും എം വി ജയരാജൻ തനിക്കൊരു എതിരാളി അല്ലെന്നും സുധാകരൻ ആത്മവിശ്വാസത്തോടെ പങ്കുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂരിലും സിദ്ധാർത്ഥൻറെ മരണം പ്രധാന തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കാനാണ് കോണ്‍ഗ്രസിൻറെ നീക്കം. ഇക്കാര്യവും കെ സുധാകരൻ സൂചിപ്പിച്ചു.